SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.56 AM IST

കൊവിഡ്: ഇനി തേടിപ്പിടിച്ച് പരിശോധിക്കില്ല, ലക്ഷണമുള്ളവരിൽ മാത്രം

covid-test

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ആദ്യ ഡോസ് നേടിയവർ 90ശതമാനം കടന്നതോടെ ഇനി രോഗികളെ കണ്ടെത്താൻ തേടിപ്പിടിച്ചുള്ള പരിശോധനയില്ല. പകരം പനിയും മറ്റ് ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരിലേക്ക് മാത്രം പരിശോധന ചുരുക്കുന്നു. ആന്റിജൻ പരിശോധന അവസാനിപ്പിച്ചതിന് പിന്നാലെയാണ് ആർ.ടി.പി.സിആറും ചുരുക്കാൻ തീരുമാനിച്ചത്. സിറോ സർവേ ഫലം വന്നശേഷം പരിശോധനാ മാനദണ്ഡങ്ങൾ പുതുക്കുമെന്നാണ് വിവരം.

നേരത്തെ ജില്ലകൾക്ക് ടാർജറ്റ് നിശ്ചയിച്ചായിരുന്നു പരിശോധന. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ പ്രതിദിനം നിശ്ചിത എണ്ണം ആളുകളെ പരിശോധിച്ചിരുന്നു. ഇനി അതുണ്ടാകില്ല. ഒരാൾ പോസിറ്രീവായാൽ ആ വീട്ടിലെ മറ്റു രോഗങ്ങളുള്ളവരെയും പ്രായമായവരെയും ആദ്യം പരിശോധിക്കും. മറ്റുള്ളവർ പ്രാഥമിക സമ്പർക്കപ്പട്ടികയിലാണെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതിയെന്നാണ് നിർദേശം.

 3 ദിവസത്തിനുള്ളിൽ വന്നു പോകും

വാക്‌‌സിനെടുത്തവർ ഇനിയും കൊവിഡ് ബാധിതരാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ സാധാരണ പനിപോലെ മൂന്നു ദിവസത്തിനുള്ളിൽ വന്നു മാറും. വാക്‌സിനെടുത്ത സാഹചര്യത്തിൽ ഇവരെയെല്ലാം വീണ്ടും പരിശോധിച്ച് ക്വാറന്റൈനിലാക്കുന്നത് ശാസ്ത്രീയമല്ലെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. നാലു ദിവസത്തിന് ശേഷവും പനിയും മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിച്ച് കൊവിഡ് പരിശോധന നടത്താം.

 ജീവനക്കാർക്ക് ആശങ്ക

കൊവിഡ് പോസിറ്റീവാകുന്ന സർക്കാർ ജീവനക്കാർ ഏഴ് ദിവസത്തിന് ശേഷം നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ജോലിയ്ക്ക് ഹാജരാകേണ്ടത്. ഈ ഘട്ടത്തിൽ ആർ.ടി.പി.സി.ആർ നടത്തിയാൽ നെഗറ്റീവാകില്ല. ആന്റിജൻ പരിശോധന അവസാനിപ്പിച്ചതിനാൽ അതും നടത്താൻ കഴിയില്ല. ഇക്കാര്യത്തിൽ പ്രത്യേക മാർഗനിർദേശം ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.

''

ലക്ഷണങ്ങളുള്ളവരെയും അവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെയും പരിശോധിക്കുന്നതാണ് പ്രായോഗികം.ഏതെങ്കിലും പ്രദേശത്ത് അസാധാരണമായി രോഗികൾ കൂടുതലായി തോന്നിയാൽ അവിടെയും പരിശോധന നടത്താം.

-ഡോ. പദ്മനാഭ ഷേണായി

ആരോഗ്യവിദഗ്ദ്ധൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA