SignIn
Kerala Kaumudi Online
Friday, 11 September 2026 6.19 AM IST

സി.പി.എം തിരിച്ചടയ്ക്കാനെത്തിച്ച ഒരു കോടി പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

READ ENGLISH VERSION
a

തൃശൂർ: സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച ഒരു കോടി തിരിച്ചടയ്ക്കാൻ കൊണ്ടുവന്നത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പിടിച്ചെടുത്ത തുക അതേ അക്കൗണ്ടിൽ നിക്ഷേപിച്ച് അക്കൗണ്ട് മരവിപ്പിച്ചു. ഇന്നലെ വൈകിട്ട് രണ്ടരയോടെയാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസും ഓഫീസ് സെക്രട്ടറി പ്രജീഷും ചേർന്ന് പണം തിരിച്ചടയ്ക്കാൻ എം.ജി.റോഡിലുള്ള ബാങ്ക് ഒഫ് ഇന്ത്യ ശാഖയിലെത്തിയത്.

ഏറെ സമയത്തിന് ശേഷം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ.ഷാജനും ബാങ്കിലെത്തി. നേതാക്കൾ വന്നതോടെ തൃശൂരിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ബാങ്ക് അധികൃതർ വിവരം അറിയിച്ചു. തുടർന്ന് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെത്തി പണം പിടിച്ചെടുത്തു.
ബാഗിലാക്കി എത്തിച്ച ഒരു കോടി, നേരത്തെ പിൻവലിച്ച അതേ നോട്ടുകളാണെന്ന് ഉറപ്പാക്കി ഇക്കാര്യം സി.പി.എം ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഒപ്പിട്ടുവാങ്ങി. അഞ്ച് മണിക്കൂറോളം സമയമെടുത്ത് നടപടിക്രമം പൂർത്തീകരിച്ച ശേഷമാണ് സി.പി.എം നേതാക്കൾ ബാങ്കിൽ നിന്ന് പുറത്തുവന്നത്. മരവിപ്പിച്ച അക്കൗണ്ടിലേക്ക് പണമിടാനെത്തിയതും തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കേ ഒരു കോടി പണമായെത്തിച്ചതും ചട്ട ലംഘനമാണെന്നും ആരോപണമുണ്ട്. ബാങ്ക് ഒഫ് ഇന്ത്യയിലെ ശാഖയിൽ സി.പി.എമ്മിന് വിവിധ ആവശ്യങ്ങൾക്കായി നാല് അക്കൗണ്ടാണുള്ളത്.

ഇതിലെ ഒരെണ്ണത്തിൽ നിന്നായിരുന്നു ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പിൻവലിച്ചത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തതിനാൽ ഈ നാലു അക്കൗണ്ടും ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ഡി സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ ചോദ്യം ചെയ്തിരുന്നു. ഇന്നും അദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളി ദിനമായതിനാൽ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതായാണ് വിവരം.


സ്റ്റേറ്റ്‌മെന്റ് എഴുതി വാങ്ങിയെന്ന് എം.എം.വർഗീസ്

ഇടപാട് സംബന്ധിച്ച് ആദായനികുതി വകുപ്പ് സ്റ്റേറ്റ്‌മെന്റ് എഴുതി വാങ്ങിയെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും എം.എം.വർഗീസ് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ തുടർച്ചയാണിത്. പണം തിരിച്ചടയ്ക്കാൻ സമ്മതിച്ചോ എന്ന ചോദ്യത്തിന് പൈസ അടച്ചോ അടച്ചില്ലയോ എന്നതല്ല പ്രശ്‌നമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA