
കൊച്ചി: തൃക്കാക്കര മോർഫിംഗ് കേസിന്റെ തുടർനടപടികൾ പ്രത്യേക പോക്സോ കോടതിയിലേക്ക് മാറ്റാൻ നടപടിയായി. പ്രതികളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽഫോണുകളിലും ലാപ്ടോപ്പുകളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീലചിത്രങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് തൃക്കാക്കര മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള കേസ് ജില്ലാ സെഷൻസ് കോടതിയുടെ അധികാരമുള്ള എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റാൻ മജിസ്ട്രേട്ട് കോടതി നടപടി തുടങ്ങിയത്.
പോക്സോ കോടതിയിൽ എത്തിയശേഷം രണ്ടാംപ്രതി മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് വിദ്യാർത്ഥി സനീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേകകോടതിയെ സമീപിക്കാനാണ് അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി) തീരുമാനം. കുട്ടികളുടെ മോർഫ്ചെയ്ത അശ്ലീലചിത്രങ്ങൾ സനീഷ് ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ചതായാണ് വിവരം.കേസ് ഇന്നുതന്നെ പോക്സോ കോടതി മുമ്പാകെ വന്നേക്കും. ഒന്നാംപ്രതി തൃക്കാക്കര ഭാരതമാതാ കോളേജിലെ ലോജിസ്റ്റിക്സ് വിദ്യാർത്ഥി ശ്രീഹരിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തിരുന്നു.
വിദ്യാർത്ഥിനികൾ, അദ്ധ്യാപികമാർ, കുട്ടികൾ എന്നിവരുടെ അശ്ലീലചിത്രങ്ങൾ പങ്കുവച്ച സമൂഹമാദ്ധ്യമഗ്രൂപ്പുകളെയും അംഗങ്ങളെയും തിരിച്ചറിയാൻ പൊലീസ് നീക്കം ശക്തമാക്കി. പ്രതികളായ ശ്രീഹരിയും സനീഷും ടെലിഗ്രാം ഗ്രൂപ്പുകൾവഴി പങ്കുവച്ച മല്ലുപ്രീമിയം ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ടെലിഗ്രാമിന്റെ ലെയ്സൺ ഓഫീസർക്ക് നോട്ടീസ് അയച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നതോടെ ഗ്രൂപ്പിലെ അംഗങ്ങളെ തിരിച്ചറിയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |