
തിരുവനന്തപുരം: ക്ഷേത്രഭൂമി സംരക്ഷിക്കുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിനുമായി രൂപീകരിക്കാനിരുന്ന 'ദേവസ്വം ട്രൈബ്യൂണൽ' സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ഉപേക്ഷിച്ചു. ട്രൈബ്യൂണൽ സ്ഥാപിച്ചാൽ ജീവനക്കാരുടെ അധിക തസ്തിക അനുവദിക്കേണ്ടി വരും. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങൾക്കുമായി വൻതുക ചെലവഴിക്കേണ്ടിവരുമെന്നാണ് സർക്കാരിന്റെ നിലപാട്. അധിക സാമ്പത്തിക ബാദ്ധ്യതയുടെ പേരിൽ ധനവകുപ്പ് എതിർത്തതും ഉപേക്ഷിക്കാൻ കാരണമായി.
ട്രൈബ്യൂണൽ പരിഗണനയിൽ വരുന്ന കേസുകളിലെ വിധികൾക്കുമേൽ കക്ഷികൾക്ക് അപ്പീൽ പോകാൻ കഴിയും. ഇതുമായി ബന്ധപ്പെട്ടും സാമ്പത്തിക ബാദ്ധ്യതയും കാലതാമസവുമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ വീണ്ടും പരിശോധിക്കാമെന്ന് വ്യക്തമാക്കിയാണ് ട്രൈബ്യൂണൽ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്.
അതേസമയം ഭൂമി സംബന്ധിച്ച കേസുകളിൽ നിലവിലുള്ള രീതി തുടരാനും തീരുമാനിച്ചു. ഓരോ ദേവസ്വം ബോർഡിന് കീഴിലുമുള്ള ഭൂമി കൈയേറ്റം കണക്കാക്കുന്നതിനും ഭൂമി തിരിച്ചുപിടിക്കുന്നതിനുമുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. തിരുവിതാംകൂർ,കൊച്ചി,മലബാർ,ഗുരുവായൂർ,കൂടൽമാണിക്യം ദേവസ്വം ബോർഡുകൾക്ക് പുറമെ കുടുംബക്ഷേത്രങ്ങൾ,സ്വകാര്യ ദേവസ്വങ്ങൾ,ട്രസ്റ്റുകൾ എന്നിവയുടെ തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കാനാകുമെന്ന് വിലയിരുത്തിയായിരുന്നു ട്രൈബ്യൂണൽ സ്ഥാപിക്കാൻ ആലോചിച്ചത്.
ട്രൈബ്യൂണൽ ലക്ഷ്യമിട്ടത്
അതിവേഗ നടപടിക്ക്
ദേവസ്വം ബോർഡുകൾക്ക് കീഴിലും സ്വകാര്യ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലുമായി ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണുള്ളത്. പതിറ്റാണ്ടുകളായി തുടരുന്ന കൈയേറ്റങ്ങൾ,വ്യാജ പ്രമാണങ്ങൾ ചമയ്ക്കൽ,സാമ്പത്തിക ക്രമക്കേടുകൾ,തർക്കങ്ങൾ എന്നിവ കാരണം വൻതോതിലുള്ള ആസ്തികളാണ് നഷ്ടപ്പെടുന്നത്. സിവിൽ കോടതികളിൽ കേസുകൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്നത് ദേവസ്വം സ്വത്തുക്കൾ വീണ്ടെടുക്കുന്നതിന് തടസമായിരുന്നു. തർക്കങ്ങളിലും കൈയേറ്റങ്ങളിലും അതിവേഗം നീതി ലഭ്യമാക്കുകയായിരുന്നു പ്രത്യേക ട്രൈബ്യൂണലിന്റെ ലക്ഷ്യം. ക്ഷേത്രത്തിലെ പ്രതിഷ്ഠയെ നിയമപരമായി 'നിത്യ പ്രായപൂർത്തിയാകാത്ത വ്യക്തി' ആയി പരിഗണിച്ച് ട്രൈബ്യൂണലിന് സംരക്ഷണച്ചുമതല നൽകാനായിരുന്നു തീരുമാനം. ക്ഷേത്രസ്വത്തുക്കൾ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യാനോ പണയംവയ്ക്കാനോ നശിപ്പിക്കാനോ ശ്രമിച്ചാൽ ട്രൈബ്യൂണലിന് സ്വമേധയാ ഇടപെട്ട് സ്‌റ്റേ ഉത്തരവുകൾ ഇറക്കാനും സ്വത്തുക്കൾ പിടിച്ചെടുക്കാനും പൂർണ അധികാരം നൽകുന്ന തരത്തിലായിരുന്നു പ്രവർത്തനം നിശ്ചയിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |