
കോഴിക്കോട്: ''രണ്ടു ദിവസത്തെ ശിൽപ്പശാല തീരുമാനിച്ചപ്പോൾ ആദ്യം വലിയ ആശങ്കയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം തിരുവനന്തപുരത്ത് നിന്നും രണ്ടുദിവസം മാറിനിൽക്കുകയെന്നത് പുതുതായി ചുമതലയേറ്റ ഒരു സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. പക്ഷെ ശിൽപ്പശാലയിലെ വിഷയങ്ങളും ക്ലാസെടുക്കാൻ കേരളത്തിന് അകത്തും പുറത്തുനിന്നുമായെത്തുന്ന അദ്ധ്യാപകരുടെ പ്രത്യേകതയും അറിഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആദ്യദിനം ക്ലാസ് കഴിഞ്ഞപ്പോൾ അത് ശരിക്കും ബോദ്ധ്യപ്പെട്ടു. അഞ്ചുവർഷക്കാലത്തെ മുന്നോട്ടുപോക്കിന് ഏറെ ഗുണകരമാവും ശിൽപ്പശാലയെന്ന് ഉറപ്പാണ്.''
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) കേരളത്തിലെ മന്ത്രിസഭയ്ക്കായി സംഘടിപ്പിച്ച ദ്വിദിന നേതൃത്വ ശിൽപ്പശാലയുടെ ആദ്യ ദിനം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി വി.ഡി.സതീശൻ കേരള കൗമുദിയോട് പറഞ്ഞു. ''ശരിയായ അർത്ഥത്തിൽ നവകേരള സൃഷ്ടിക്കായുള്ള നിരവധി വിഷയങ്ങളാണ് പാഠ്യവിഷയത്തിലുണ്ടായിരുന്നത്. ഭരണാധികാരികൾ എന്ന നിലയിൽ ജനങ്ങളോട് എങ്ങനെ ഇടപഴകണം, എന്താവണം മുൻഗണന, എങ്ങനെയാവണം ഒരു പ്രോജക്ട് നടപ്പിലാക്കൽ തുടങ്ങി അനവധി കാര്യങ്ങളിൽ അറിവ് നേടാനായി. വിദേശമോഡലുകൾ പരിചയപ്പെടുത്തിയ യു.കെ., ജപ്പാൻ എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെ ക്ലാസും ഗുണകരമായി. ഞാനടക്കം പുതുമുഖങ്ങൾ ഒട്ടനവധിയാണ് മന്ത്രിസഭയിൽ. പഠിക്കാൻ ഒരു പാടുണ്ട്. രണ്ടുദിവസത്തെ ശിൽപ്പശാല ഞങ്ങൾ മന്ത്രിമാർക്കും അതിലേറെ കേരളത്തിനും വലിയ മുതൽക്കൂട്ടാവുമെന്നുറപ്പാണ്.'' മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |