SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 PM IST

കാൽക്കരുത്തിൽ കൺമണിക്ക് വീണ്ടും റാങ്കിന്റെ സംഗീതമുദ്ര

kk

തിരുവനന്തപുരം: പരീക്ഷകളെയും പരീക്ഷണങ്ങളെയും കൺമണി അതിജീവിച്ചത് കാൽവിരലുകൾ കൊണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് എം.എ മ്യൂസിക്കിലെ ഒന്നാം റാങ്ക്. ജന്മനാ ഇരുകൈകളുമില്ലാത്ത കൺമണി പത്താം ക്ലാസ് മുതൽ പരീക്ഷയ്ക്ക് സഹായിയെ വയ്ക്കാറില്ല. സ്വന്തം കാലുകൾ കൊണ്ടാണ് ചരിത്രവിജയങ്ങൾ എഴുതിച്ചേർത്തത്.

മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്ടപദി വീട്ടിൽ ശശികുമാറിന്റെയും രേഖയുടെയും മകളാണ് കൺമണി. സ്വാതിതിരുനാൾ സംഗീത കോളേജിലെ പഠനത്തിനായാണ് തീരുവനന്തപുരത്ത് എത്തിയത്. സംഗീതം ബിരുദ പരീക്ഷയിലും ഒന്നാം റാങ്ക് നേടിയിരുന്നു. പാട്ടിലും പഠനത്തിലും ചിത്രരചനയിലുമെല്ലാം സമർത്ഥയായ കൺമണി ചുവർചിത്രകലയിലും മിടുക്കിയാണ്.

അദ്ധ്യാപിക ലോലമ്മയാണ് കാലുപയോഗിച്ച് എഴുതാനും വരയ്ക്കാനും പഠിപ്പിച്ചത്. സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത് പ്രിയംവദ. വർക്കല സി.എസ്.ജയറാം, വീണാ ചന്ദ്രൻ, ഡോ. ശ്രീദേവ് രാജഗോപാൽ എന്നിവരിലൂടെ സംഗീതത്തിന്റെ പടവുകൾ കയറി. യുവജനോത്സവങ്ങളിലെല്ലാം താരമായി. സഹായമായി സഹോദരൻ മണികണ്ഠൻ എപ്പോഴുമുണ്ട്.

''എന്റെ ജീവിതം കുട്ടിക്കാലത്തെ സംഗീതത്തിനു വേണ്ടി സമർപ്പിച്ചതാണ്. പക്ഷേ,​

സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകിയ മാതാപിതാക്കൾ, സംഗീതത്തിൽ എന്നെ പ്രകാശിപ്പിച്ച ഗുരുക്കന്മാർ, ബന്ധുക്കൾ... എല്ലാപേർക്കും ഹൃദയംനിറഞ്ഞ നന്ദി""- -കൺമണി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA