
തിരുവനന്തപുരം: മണിക്കൂറിൽ 160 കി.മി വേഗതയുള്ള അതിവേഗപാതയുടെ സർവേക്ക് റെയിൽവേ അനുമതി നൽകിയതോടെ, അതിവേഗറെയിലിന് ശ്രമിക്കാതെ റെയിൽവേയുമായി ചേർന്ന് തിരുവനന്തപുരം-മംഗളൂരു വേഗപ്പാതയ്ക്കായി സർക്കാർ നീക്കം.
633കി.മി ദൈർഘ്യമുള്ള മൂന്നാം പാതയുടെ വേഗം 160 കിലോമീറ്ററാണ്. 7 റീച്ചുകളിലായി പദ്ധതി നടപ്പാക്കാനാണ് സർവേ. റെയിൽവേയുമായി സർക്കാർ സഹകരിക്കും.
സിൽവർലൈൻ ഉപേക്ഷിച്ചതോടെ, 160 കി.മി വേഗമുള്ള തിരുവനന്തപുരം-കണ്ണൂർ എലിവേറ്റഡ് റെയിലിന്റെ
പദ്ധതിരേഖ ഇ. ശ്രീധരൻ സർക്കാരിന് സമർപ്പിച്ചിരുന്നു. ഇത് പാരിസ്ഥിതികമായും സാമ്പത്തികമായും പ്രായോഗികമല്ലെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. മംഗളൂരു-ഷൊർണൂർ, കോയമ്പത്തൂർ-ഷൊർണൂർ, ഷൊർണൂർ-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-തിരുവനന്തപുരം, തിരുവനന്തപുരം-നാഗർകോവിൽ, തുറവൂർ-അമ്പലപ്പുഴ റീച്ചുകളിൽ വേഗം 160 കിലോ മീറ്ററാക്കാനുള്ള സർവേക്കാണ് അനുമതി.
ബ്രോഡ്ഗേജിലാണ് പാതകൾ. റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്ന 350 കി.മി വേഗമുള്ള ചെന്നൈ-ബംഗളൂരു, ബംഗളൂരു-ഹൈദരാബാദ്, ചെന്നൈ-ഹൈദരാബാദ് പാതകളിലേക്ക് ബന്ധിപ്പിക്കാനുമാവും.
നിലവിൽ കൊല്ലം-കോട്ടയം, കോട്ടയം-എറണാകുളം, ഷൊർണൂർ-മംഗളൂരു സെക്ഷനുകളിൽ 110 കി.മി വരെ വേഗത്തിലോടാനാവും. കൊല്ലം-തിരുവനന്തപുരം പാതയിൽ 100 കിലോമീറ്ററിൽ താഴെയാണ് വേഗം. ട്രാക്കുകൾ ശക്തിപ്പെടുത്തിയും സിഗ്നലുകൾ നവീകരിച്ചും വേഗത 130 കിലോമീറ്ററാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വരാനിരിക്കുന്ന മംഗളൂരു-ഷൊർണൂർ മൂന്നും നാലും പാതകളിലും എറണാകുളം-കോട്ടയം-തിരുവനന്തപുരം-നാഗർകോവിൽ മൂന്നാം പാതയിലും 160 കിലോ മീറ്റർ വേഗമാണ് ലക്ഷ്യമിടുന്നത്. ഈസാഹചര്യത്തിൽ സ്വന്തംനിലയിൽ അതിവേഗറെയിലുമായി മുന്നോട്ടു പോയാൽ കേന്ദ്രാനുമതി ലഭിക്കുമെന്നുറപ്പില്ല, അധികച്ചെലവുമാണ്.
വേഗപ്പാതകൾ: രാജ്യത്ത് 80.6ശതമാനം
130 കിലോമീറ്ററിന് മുകളിൽ വേഗതയുള്ളവ:
22.2 ശതമാനം ( 23,477 കി.മി).
110 മുതൽ 130 കി.മി വരെ വേഗത്തിലോടാൻ കഴിയുന്നവ:
58.4 ശതമാനം (61,711കി.മി)
110 കിലോ മീറ്ററിന് താഴെ വേഗതയുള്ളത്: 19.4ശതമാനം
വിഴിഞ്ഞത്തിനും ഗുണമാകും
റെയിൽവേയുടെ വേഗതപ്പാതയിലൂടെ കാർഗോ ട്രെയിനുകളുമോടിക്കാം.
കണ്ടെയ്നറുകളിൽ ചരക്കുനീക്കത്തിനുള്ള റോ-റോ സംവിധാനം വിഴിഞ്ഞത്തു നിന്നുള്ള ചരക്കുനീക്കത്തിനും ഗുണമാവും.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഗോ വേഗത്തിലെത്തിക്കുന്നത് കയറ്റുമതിക്കും മെച്ചമാണ്. വിഴിഞ്ഞത്തിന് രാജ്യമാകെ റെയിൽ കണക്ടിവിറ്റി ഉറപ്പിക്കാനുമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |