
ന്യൂഡൽഹി: രാജ്യത്ത് ചില മേഖലകളിൽ കണ്ടെത്തിയ ഡെങ്കി വൈറസിന്റെ നാല് വകഭേദങ്ങളുടെ വ്യാപനം, ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ സങ്കീർണ സ്ഥിതിയിലേക്ക് രോഗത്തെ മാറ്റിയേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) മുന്നറിയിപ്പ്. ഒരു വകഭേദം വഴി, രോഗം ബാധിച്ച് സുഖപ്പെട്ടാൽ അതിനെതിരെയുള്ള ദീർഘകാല പ്രതിരോധശേഷി മാത്രമാണ് ലഭിക്കുക. മറ്റൊരു വകഭേദത്തെ പ്രതിരോധിക്കാനാകില്ലെന്നും ഐ.സി.എം.ആർ പറയുന്നു.
അതേസമയം ഡെൻവി 1, 2, 3, 4 എന്നിങ്ങനെയുള്ള നാല് വകഭേദങ്ങൾ ഒരേസമയം വ്യാപിക്കുന്നതിനാൽ, ഒരിക്കൽ രോഗം ബാധിച്ചയാൾക്ക് തന്നെ വീണ്ടും രോഗം വരാൻ ഇടയാകുമെന്നാണ് കണ്ടെത്തൽ. വിവിധ മേഖലകളിൽ ഏത് വകഭേദമാണ് ശക്തമെന്ന് കണ്ടെത്താൻ വിപുലമായ വൈറസ് മാപ്പിംഗും ആരംഭിച്ചു. ഈ വിവരങ്ങൾ ഭാവിയിൽ വാക്സിൻ വിതരണത്തിനും പ്രതിരോധ പ്രവർത്തനങ്ങളിലും നിർണായകമായേക്കും. എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് നാല് വകഭേദങ്ങൾ കണ്ടെത്തിയതെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഡെങ്കിക്കെതിരായ ആദ്യ വാക്സിൻ പദ്ധതിയുടെ ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് ഈ ഗുരുതര സ്ഥിതിവിശേഷം ശ്രദ്ധയിൽ പെട്ടത്.
ക്യൂഡെങ്ക വാക്സിൻ വൈകും?
അതേസമയം രാജ്യത്തെ ആദ്യ ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ 'ക്യൂഡെങ്ക' വിപണിയിലെത്താൻ വൈകിയേക്കും. ജാപ്പനീസ് കമ്പനിയായ ടക്കേഡ ബയോഫാർമസ്യൂട്ടിക്കൽസാണ് വാക്സിൻ വികസിപ്പിച്ചത്. കഴിഞ്ഞ ആഴ്ച വിപണനാംഗീകാരം ലഭിച്ചെങ്കിലും 2027 ആദ്യപകുതിയിലേ പൊതുജനങ്ങൾക്ക് ലഭ്യമാകൂ.
വാക്സിൻ പ്രത്യേകതകൾ
നാല് മുതൽ 60 വയസ് വരെ പ്രായമുള്ളവർക്ക് നൽകാം
ഡെങ്കിയുടെ നാലു വകഭേദങ്ങളെ പ്രതിരോധിക്കും.
ഒരു ഡോസിന് 3000- 6000 രൂപ വില
മൂന്നുമാസ ഇടവേളയിൽ രണ്ട് ഡോസ് സ്വീകരിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |