
തിരുവനന്തപുരം: ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശമുണർത്തി ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ് വിശ്വാസികൾ. പള്ളികളിൽ രാവിലെ പെരുന്നാൾ നമസ്‌കാരം നടന്നു. നമസ്‌കാരങ്ങൾക്കുശേഷം സ്‌നേഹാശംസകൾ കൈമാറി വിശ്വാസികൾ വലിയപെരുന്നാൾ ആഘോഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പള്ളികളിലും മതസംഘടനകളിലും ഈദ്‌ഗാഹുകൾ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ചിലയിടങ്ങളിൽ ഈദ്‌ഗാഹുകൾ ഉണ്ടായിരിക്കില്ല.
പെരുന്നാൾ നിസ്‌കാരശേഷം ബലിപെരുന്നാളിലെ പ്രത്യേക അനുഷ്ഠാനമായ ബലികർമ്മം നടക്കും. സംഘടിതമായും ഒറ്റയായും നടത്തുന്ന ബലികർമ്മത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പള്ളികളും വീടുകളും കേന്ദ്രീകരിച്ച് നേരത്തെതന്നെ പൂർത്തിയായിരുന്നു.
ഹിജ്‌റ കലണ്ടർ വർഷം പന്ത്രണ്ടാമത്തെ മാസമായ ദുൽഹജ്ജ് മാസത്തിലെ പത്താംദിവസമാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ദൈവകൽപ്പന അനുസരിച്ച് പ്രിയപുത്രൻ ഇസ്മാഈലിനെ ബലിയർപ്പിക്കാൻ സന്നദ്ധനായ പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധതയുടെയും അചഞ്ചല വിശ്വാസത്തിന്റെയും ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ. ഭാഷ, വർണ, വർഗം വിവേചനങ്ങളില്ലാതെ രാജ്യങ്ങൾ താണ്ടി പരിശുദ്ധ മക്കയിൽ ഒരുമിച്ച വിശ്വാസികളുടെ ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ. പെരുന്നാൾ ആഘോഷത്തിന്റെ മുന്നോടിയായും ഹാജിമാരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വിശ്വാസികൾ ഇന്നലെ അറഫ നോമ്പ് അനുഷ്ഠിച്ചു.
തക്ബീർ ധ്വനികൾ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിന്റെ പരിമളവുമായി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിലെ ഒത്തുചേരലുകളും പെരുന്നാളിന്റെ പ്രത്യേകതയാണ്. ആശംസകൾ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണം പങ്കുവെച്ചും കുടുംബസാമൂഹിക സൗഹൃദം കൂടുതൽ ദൃഢമാക്കുന്ന ദിനം കൂടിയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |