SignIn
Kerala Kaumudi Online
Thursday, 08 October 2026 1.09 AM IST

സഹ. ബാങ്കുകളിലെ വായ്പാത്തട്ടിപ്പ്: ഡിജിറ്റൽ തെളിവുകളും വായ്പാ ഫയലുകളും പിടിച്ചെടുത്ത് ഇ.ഡി

aa

കൊച്ചി: സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകളിൽ പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാലു ബാങ്കുകളിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരേസമയം റെയ്ഡ് നടത്തിയത്.

സി.പി.എം ഭരിച്ചിരുന്ന തൃശൂർ കുട്ടനെല്ലൂർ സർവീസ് സഹ.ബാങ്ക്, കോൺഗ്രസ് ഭരിച്ചിരുന്ന അങ്കമാലി അർബൻ സഹ.ബാങ്ക്, ലീഗിന്റെ ഭരണത്തിലുള്ള മലപ്പുറത്തെയും കോഴിക്കോട്ടെയും തെന്നല സർവ്വീസ് സഹ. ബാങ്ക് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ജീവനക്കാരുടെയും അന്നത്തെ ഭരണസമിതി അംഗങ്ങളുടെയും വസതികളിലും പരിശോധന നടത്തി. കമ്പ്യൂട്ടർ രേഖകൾ, ഹാർഡ് ഡിസ്‌കുകൾ, വായ്പാ ഫയലുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തു. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത ഇ.സി.ഐ.ആറിന്റെ അടിസ്ഥാനത്തിൽ രാവിലെ ആരംഭിച്ച പരിശോധന വൈകിട്ടു വരെ നീണ്ടു. ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പങ്കുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യും.

ക്രമക്കേടും റെയ്ഡും

1. അങ്കമാലി അർബൻ സഹ.ബാങ്ക്
# 96 കോടിയുടെ വ്യാജ വായ്പ. വ്യാജ രേഖകൾ വഴിയുള്ള മറ്റു വായ്പകൾ.

# പരേതനായ മുൻ ബാങ്ക് പ്രസിഡന്റ് പി.ടി. പോൾ, മുൻ അക്കൗണ്ടന്റ് ഷിജു കുര്യൻ, 32 കോടിയോളം രൂപ കുടിശിക വരുത്തിയ റോയ് കുര്യൻ, കുര്യൻ ജോസഫ് എന്നിവരുടെ വീടുകളിൽ പരിശോധന.

#10 ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപമുള്ള മുന്നൂറോളം പേരുടെ വിവരങ്ങൾ ശേഖരിച്ചു.

2. കുട്ടനെല്ലൂർ സർവീസ് സഹ.ബാങ്ക് (തൃശൂർ )

വ്യാജപേരിൽ വായ്പ എടുത്തശേഷം, എഴുതിത്തള്ളാനായി വ്യാജ മരണ സർട്ടിഫിക്കറ്റ് സൃഷ്ടിച്ചും പീച്ചിയിലെ സർക്കാർ ഭൂമി ഈടായി കാണിച്ചും ബിനാമി പേരുകളിൽ 32 കോടിയുടെ തട്ടിപ്പ്

# ബാങ്കിന്റെ പ്രധാന ഓഫീസ്, മുൻ പ്രസിഡന്റ് റിക്‌സൻ വിൽസൺ, മുൻ ഡയറക്ടർ ബോർഡ് അംഗം ശ്രീജ, മറ്റ് ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വസതികളിൽ റെയ്ഡ് .

3. തെന്നല സർവ്വീസ് സഹ.ബാങ്ക് (കോഴിക്കോട്, മലപ്പുറം)
# കോടികളുടെ ക്രമക്കേട്. മൂന്ന് വർഷമായി നിക്ഷേപകർക്ക് പണം നൽകുന്നില്ല. ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, മുൻ ജീവനക്കാർ എന്നിവരുടെ വീടുകളിലുമായി ഏഴിടങ്ങളിൽ റെയ്ഡ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA