
കൊച്ചി:ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് സൗജന്യചികിത്സയും മരുന്നും ലഭ്യമാക്കുന്ന ‘മിഠായി’ പദ്ധതി സാമൂഹ്യനീതിവകുപ്പിൽനിന്ന് ആരോഗ്യവകുപ്പിലേക്ക് മാറ്റുന്നു. ആരോഗ്യസംവിധാനവും കേന്ദ്രപദ്ധതികളുമായുളള ഫലപ്രദമായ ഏകോപനം ലക്ഷ്യമിട്ടാണിത്.
കേന്ദ്രസർക്കാർ ടൈപ്പ് വൺ പ്രമേഹത്തെ രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രം (ആർ.ബി.എസ്.കെ.) പരിധിയിലാണ് ഉൾപ്പെടുത്തിയത്.
ആരോഗ്യവകുപ്പിന് കീഴിലായാൽ ആർ.ബി.എസ്.കെ.വഴിയുള്ള കേന്ദ്രഫണ്ട് ലഭിക്കും . ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം), ആരോഗ്യ സേവന ഡയറക്ടറേറ്റ് (ഡി.എച്ച്.എസ്) എന്നിവയുമായി ഫലപ്രദമായ ഏകോപനവുമുണ്ടാകും.
വകുപ്പുകളുടെ ഏകോപനത്തിനായുളള യോഗം മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം ചേരും.
പ്രമേഹബാധിതനായ കുട്ടിയുടെ രക്ഷിതാവ് ബുഷ്റ ഷിഹാബ് മുഖ്യമന്ത്രി വി.ഡി.സതീശന് നൽകിയ നിവേദനത്തിലാണ് നടപടി.
ഇൻസുലിൻ, ഗ്ലൂക്കോസ് പരിശോധിക്കുന്ന സ്ട്രിപ്പുകൾ തുടങ്ങിയവ 2018ൽ ആരംഭിച്ച മിഠായി പദ്ധതിയിലുണ്ട്. 2,000 ഗുണഭോക്താക്കളുമുണ്ട്.
2026ലെ ബഡ്ജറ്റിൽ പദ്ധതി പരിഷ്കരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇൻസുലിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുക, കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്ക് ഇൻസുലിൻ പമ്പുകളും കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സി.ജി.എം) സെൻസറുകളും ലഭ്യമാക്കുക, സാറ്റലൈറ്റ് സെന്ററുകളിൽ എൻഡോക്രൈൻ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക എന്നിവയും പ്രഖ്യാപിച്ചിരുന്നു.
വിദഗ്ദ്ധസേവനം ഉറപ്പാക്കാം
മിഠായി ക്ലിനിക്കുകൾ ഗവ.മെഡിക്കൽ കോളേജുകളുമായും ആശുപത്രികളുമായും ബന്ധിപ്പിക്കാം. എൻഡോക്രൈനോളജി വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കാം.
മരുന്നുലഭ്യതയിലെ തടസങ്ങൾ വേഗത്തിൽ പരിഹരിക്കാം. ചികിത്സാരേഖകളും തുടർപരിചരണവും ഏകോപിപ്പിക്കാനാകും.മരുന്നുകൾ സമയബന്ധിതമായി വാങ്ങാനാകും.
മിഠായി പദ്ധതിയുടെ ആനുകൂല്യങ്ങൾ 18 വയസിന് ശേഷവും ലഭ്യമാക്കണം. ഗുണഭോക്താക്കളുടെ എണ്ണം കൂടുന്നതിനാൽ സമഗ്രചികിത്സാസംവിധാനം ആവശ്യമാണ്.
ബുഷ്റ ഷിഹാബ്,
തിരുവനന്തപുരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |