
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാൻ കാരന്തൂർ മർകസിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് ഉജ്ജ്വല സ്വീകരണം.
മർകസും മലേഷ്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായുളള വിദ്യാഭ്യാസവിനിമയ ബന്ധങ്ങൾ, വിദ്യാഭ്യാസ-സാംസ്കാരിക-വൈജ്ഞാനിക സഹകരണം, മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമകാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ
കാന്തപുരവുമായി അദ്ദേഹം ചർച്ച നടത്തി.
അഞ്ചുദിവസത്തെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി ഡൽഹിയിലെ ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോടെത്തിയത്. വൈകീട്ട് 5.40 ഓടെയാണ് മർകസിലെത്തിയത്. മർകസ് വർക്കിംഗ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, സെക്രട്ടറി സി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് മർകസ് കൺവെൻഷൻ സെന്ററിലെ സ്വീകരണസംഗമത്തിൽ അൻവർ ഇബ്രാഹിമിന് കൈമാറി. മൂന്നു വർഷങ്ങളിലായി മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾക്കുള്ള ആദരസൂചകമായി ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ കയ്യെഴുത്തുപ്രതി കാന്തപുരം സമ്മാനിച്ചു. അത്താഴവിരുന്നിലും അൻവർ ഇബ്രാഹീം പങ്കെടുത്തു. 9.30 ഓടെ കാന്തപുരത്തിനൊപ്പം ദക്ഷിണേന്ത്യയിലെ തീർത്ഥാടനകേന്ദ്രമായ മടവൂർ സിഎം വലിയുല്ലാഹി മഖാമും സന്ദർശിച്ചു.
മന്ത്രി പി.കെ കുഞ്ഞാലികുട്ടി, കർണാടക ആരോഗ്യമന്ത്രി യു.ടി ഖാദർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, സി.മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കുറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി, എപി അബ്ദുൽ കരീം ഹാജി തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |