
ഉദ്യോഗാർത്ഥികളെ നിരാശയിലാക്കിയെന്ന് ഹൈക്കോടതി
കൊച്ചി: ഉദ്യോഗാർത്ഥികളുടെ കഠിനാദ്ധ്വാനം വൃഥാവിലാക്കുന്ന വിധമായിരുന്നു പി.എസ്.സി നിയമന രീതികളെന്ന് ഹൈക്കോടതി. പി.എസ്.സിയെ ചിലർ കുടുംബ സ്വത്താക്കി മാറ്റിയെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി. അസഫലി. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജിയിലായിരുന്നു വാദം.
ആദ്യ നിയമന നടപടികൾ സംശയ നിഴലിലാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരെയാണ് പരിഗണിച്ചതെന്ന് ആക്ഷേപമുണ്ട്. യുവതലമുറയെ കടുത്ത നിരാശയിലാക്കുന്ന സമീപനമാണുണ്ടായത്. ആരെയാണ് വിശ്വസിക്കുക?
ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.ക്രമക്കേട് ഇല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തെ പി.എസ്.സി ഭയക്കുന്നതെന്തിന്. അതു ബോദ്ധ്യപ്പെടുത്തിയാൽ പോരെ. ഈ കേസിൽ കമ്മിഷൻ അംഗങ്ങളെ നിലവിൽ പ്രതിചേർത്തിട്ടില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റി.
ചില ചോദ്യങ്ങളുടെ മൂല്യനിർണയം ഒഴിവാക്കിയും മറ്റും നവീന രീതിയിലുള്ള തട്ടിപ്പാണ് നടന്നതെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി. അസഫലി ചൂണ്ടിക്കാട്ടി. 180 പരാതികൾ ലഭിച്ചു. മൂന്നു കേസുകളെടുത്തു. രണ്ട് ഉന്നതർ അറസ്റ്റിലായി. മറ്റ് ഉദ്യോഗാർത്ഥികൾ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ പി.എസ്.സി മറുപടി നൽകിയത് 300 ദിവസം കഴിഞ്ഞാണ്. കൈകൾ ശുദ്ധമാണെങ്കിൽ അങ്കലാപ്പെന്തിനെന്നും ഡി.ജി.പി ചോദിച്ചു.
ദഹിക്കാത്ത വാദം
ഭരണസമിതിക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നും അംഗങ്ങളെ നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കു മാത്രമാണെന്നും പി.എസ്.സി വാദിച്ചു. അതിനാൽ മുൻകൂർ അനുമതിയില്ലാതെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണ്. ആസൂത്രണ ബോർഡ് നിയമന നടപടികളിൽ പി.എസ്.സിക്ക് ഒരു തെറ്റുപറ്റി. അത് തിരുത്തുകയും ചെയ്തു. ചില ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ബോധപൂർവമല്ല. വിവരാവകാശ മറുപടി വൈകിയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ കേസിന്റെ പശ്ചാത്തലത്തിലാണെന്നും വാദിച്ചു.
ഈ വാദം അപ്പാടെ ദഹിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. വിവരാവകാശ മറുപടി വൈകിച്ചത് വൃത്തികേടുകൾ പുറത്തറിയാതിരിക്കാനല്ലേ? അഴിമതി നിരോധന നിയമത്തിലെ 17(എ) പ്രകാരമുള്ള മുൻകൂർ അനുമതിയില്ലാതെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിലനിൽക്കുമോ എന്നതാണ് ഹർജിക്കാർ ഉന്നയിച്ച നിയമപ്രശ്നം. അതിൽ വ്യക്തത വരുത്തുമെന്നറിയിച്ചാണ് കേസ് വിധിപറയാൻ മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |