SignIn
Kerala Kaumudi Online
Monday, 19 October 2026 2.02 AM IST

ബേക്കറി വഴി ഹോർട്ടി വൈൻ, ക്ലിപ്പിട്ട് മന്ത്രി; ഡെപ്യൂട്ടി കമ്മിഷണർ തെറിച്ചു, ലൈസൻസ് ഉത്തരവ് സർക്കാർ അറിയാതെ

1

തിരുവനന്തപുരം: നിലവിലുള്ള സർക്കാരറിയാതെ ബേക്കറികളിലൂടെയടക്കം 15% വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാനുള്ള എക്സൈസ് ഉത്തരവിന് മന്ത്രി എം.ലിജു ക്ലിപ്പിട്ടു. വില്പന വിലക്കി ഉത്തരവും നൽകി.അവധി ദിനമായിരുന്നിട്ടും ഇന്നലെ അടിയന്തര നടപടി സ്വീകരിച്ചു. ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ (അബ്കാരി) സി.കെ.അനിൽകുമാറിനെ തത്‌സ്ഥാനത്തുനിന്ന് നീക്കി. പകരം ബെവ്കോ ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മിഷണർ വി.സുഭാഷിന് ചുമതല നൽകി.

ജൂണിൽ ലൈസൻസ് നൽകിയതിനെ തുടർന്ന് ചാലക്കുടിയിലെ ബേക്കറിയിൽ ഹോർട്ടിവൈൻ വില്പന കഴിഞ്ഞദിവസം തുടങ്ങിയ വിവരം പുറത്തുവന്നതോടെയാണ് ഇടപടൽ. ഇവിടത്തെ വില്പനയും തടഞ്ഞു. ഹോർട്ടിവൈൻ വില്പനയ്ക്ക് വഴിയൊരുക്കിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ അബ്കാരി നിയമഭേദഗതിയിലൂടെയാണ്. ഇതുപ്രകാരമാണ് എക്സൈസ് ഉത്തരവിറക്കിയത്. പുതിയ സർക്കാരിനെ അറിയിച്ചുമില്ല.

യു.ഡി.എഫ് നയത്തിന് ഇത് വിരുദ്ധമായിട്ടും സർക്കാർ നടപ്പാക്കിയെന്ന ആക്ഷേപവും അതിനിടെ ശക്തമായി. ലൈസൻസ് റദ്ദാക്കാനുള്ള ചട്ടഭേദഗതിയെക്കുറിച്ച് നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നിയമോപദേശം തേടാനും മന്ത്രി നിർദ്ദേശം നൽകി. ചാലക്കുടിയിലേതുൾപ്പെടെ നാല് ബേക്കറികളാണ് വില്പന ലൈസൻസിന് അപേക്ഷിച്ചിരുന്നത്.

 നിയമനടപടികളിലേക്കും നീളാം

കാർഷിക സർവകലാശാലയ്ക്കും കൊട്ടാരക്കര, കാസർകോട്, കണ്ണൂർ ജില്ലകളിലെ സ്വകാര്യ വൈനറികൾക്കുമാണ് പഴവർഗ്ഗങ്ങളിൽ നിന്നുള്ള ഹോർട്ടിവൈൻ ഉത്പാദിപ്പിക്കാൻ ലൈസൻസ് നൽകിയത്. കൊട്ടാരക്കരയിലെ സ്ഥാപനം ഉത്പാദിപ്പിക്കുന്ന ഹോർട്ടിവൈൻ ബെവ്‌കോയിലെത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ് ബേക്കറികളും മറ്റും വാങ്ങേണ്ടത്. വില്പന വിലക്കിനെതിരെ നിർമ്മാതാക്കൾ കോടതിയെ സമീപിച്ചാൽ നിയമനടപടിക്ക് വഴിവച്ചേക്കും.

 എൽ.ഡി.എഫ് തീരുമാനം

ഹോർട്ടി വൈൻ വിൽക്കാൻ ബേക്കറികൾ, മാളുകൾ, സൂപ്പർ മാർക്കറ്റുകൾക്കടക്കം ലൈസൻസ് നൽകാൻ എൽ.ഡി.എഫ് സർക്കാർ ചട്ടഭേദഗതി വരുത്തി 2024 ജനുവരി 24ന് ഉത്തരവിറക്കിയിരുന്നു. വാർഷിക ഫീസ് 10,000 രൂപ. നികുതി 86%. വിലയുടെ 20% കമ്മിഷനായി സ്ഥാപനങ്ങൾക്ക് ലഭിക്കും. സീറാം സാംബശിവറാവു എക്‌സൈസ് കമ്മിഷണറായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ജൂൺ 26നാണ് അദ്ദേഹത്തിനുമുന്നിൽ ഫയൽ എത്തുന്നത്. ചട്ടഭേദഗതി നടത്തിയതിനാൽ ലൈസൻസ് നൽകാനുള്ള ശുപാർശ അംഗീകരിക്കുകയായിരുന്നു.

''സർക്കാരുമായി ആശയവിനിമയം നടന്നില്ല. എക്‌സൈസ് കമ്മിഷണറോട് വിശദീകരണം തേടി

-എം.ലിജു,
എക്‌സൈസ് മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HORTIVINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA