
തിരുവല്ല: മൂവാറ്റുപുഴ രൂപത മുൻ അദ്ധ്യക്ഷൻ ഡോ.എബ്രഹാം മാർ യൂലിയോസ് (81) കാലം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ ശനിയാഴ്ച പുലർച്ചെ 2.15നായിരുന്നു അന്ത്യം. കബറടക്കം നാളെ രാവിലെ 9ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൽ കത്തിഡ്രലിൽ. തിരുവല്ല അരമനയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നഗരികാണിക്കൽ ചടങ്ങിന് ശേഷം കത്തിഡ്രൽ പള്ളിയിലെത്തിച്ച ഭൗതികശരീരം അവിടെ പൊതുദർശനത്തിന് വച്ചു. 1945ന് തിരുവല്ല കല്ലൂപ്പാറയിൽ കാക്കനാട്ട് വർഗീസ് കാക്കനാട്ടിലിന്റെയും അന്നമ്മ വർഗീസിന്റെയും മകനായാണ് ജനനം. 1961ൽ തിരുവല്ല മൈനർ സെമിനാരിയിൽ വൈദിക പരിശീലനം തുടങ്ങി. കോട്ടയം വടവാതൂരിലെ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്രപഠനവും റോമിലെ പ്രൊപ്പഗാന്ത കോളേജിൽ ദൈവശാസ്ത്രപഠനവും നടത്തി. പിന്നീട് പുഷ്പഗിരി മെഡിക്കൽ സൊസൈറ്റിയുടെയും മെഡിക്കൽ കോളേജിന്റെയും വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. റോമിലും ജറുസലേമിലും ഉയർന്ന ബൈബിൾ പഠനം നടത്തുകയും ബൈബിൾ - ദൈവശാസ്ത്ര വിഷയങ്ങളിൽ അദ്ധ്യാപകനായും ഗ്രന്ഥകാരനായും പ്രവർത്തിച്ചിട്ടുണ്ട്. 2008 ജനുവരി 18ന് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി നിയമിതനായ അദ്ദേഹത്തെ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മൂവാറ്റുപുഴ സെന്റ് ജോസഫ്സ് കത്തീഡ്രലിൽ മെത്രാനായി അഭിഷേകം ചെയ്തു. സഹോദരങ്ങൾ: ത്രേസ്യാമ്മ പോൾ ( മൂവാറ്റുപുഴ), രാജൻ വർഗീസ് (ആലപ്പുഴ), വത്സമ്മ ജേക്കബ് (ജർമ്മനി), പരേതരായ സിസ്റ്റർ യുലിത്തി, ഫാ.സെൻസ്ലാവോസ് കാക്കനാട്ട്, സിസ്റ്റർ ക്രിസ്റ്റീന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |