
കൊച്ചി: കളമശേരിയിൽ കൂട്ടമാനഭംഗത്തിന് ഇരയായ വീട്ടമ്മയെ സ്വാധീനിക്കാൻ ഒന്നാം പ്രതിയും ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശിയുമായ ശ്രീരാജിന്റെ ഭാര്യയും സഹോദരിയും എത്തിയെന്ന് ബന്ധുക്കളുടെ സംശയം. ഇതോടെ ആശുപത്രിയിൽ വന്നു പോയവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയുടെ യഥാർത്ഥ ബന്ധുക്കളാണോ ഇവരെന്ന് സംശയമുണ്ട്. സംഭവത്തിന് പിന്നാലെ പ്രതികൾ പണവും തുടർ സംരക്ഷണവും അടക്കമുള്ള വൻ വാഗ്‌ദാനങ്ങൾ നൽകിയിരുന്നതായി വീട്ടമ്മ മൊഴി നൽകി. ഉന്നതബന്ധങ്ങളുള്ളതിനാൽ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും പ്രതികൾ പറഞ്ഞിരുന്നു. ഇതു നിരസിച്ച വീട്ടമ്മ ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ വച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വീട്ടമ്മയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ രേഖപ്പെടുത്തി.
വീട്ടമ്മ അറസ്റ്റിലായ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. മറ്റ് രണ്ടുപേരുകൾ വീട്ടമ്മ വെളിപ്പെടുത്തിയെങ്കിലും ഇവർക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവദിവസം ലോഡ്ജിൽ മറ്റൊരാവശ്യത്തിനാണ് ഇവരെത്തിയതെന്നും കണ്ടെത്തി. അറസ്റ്റിലായ ശ്രീരാജ്, ജിത്ത് മാർട്ടിൻ, ശരണ്യ, സഞ്ജു എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. പ്രതികൾക്ക് ലഹരി എവിടെ നിന്ന് ലഭിച്ചെന്നും ഇവരുടെ ഉന്നത ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ശ്രീരാജിനാണ് സ്പായുടെ മേൽനോട്ട ചുമതല. അനാശാസ്യ പ്രവർത്തനങ്ങൾക്കടക്കം സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയാണ് ഇയാൾ. കൂടുതൽ പേർ ഇരകളായോ എന്നും പരിശോധിക്കുകയാണ്.
ശരണ്യയെ കുടുക്കിയതോ ?
രണ്ടാം പ്രതിയായ ശരണ്യയെ ഇവർ കുടുക്കിയതാണോയെന്ന സംശയത്തിലാണ് പൊലീസ്. താൻ വിവാഹിതയല്ലെന്നായിരുന്നു ശരണ്യയുടെ ആദ്യ മൊഴി. എന്നാൽ അന്വേഷണത്തിൽ ഭർത്താവും കുട്ടിയുമുണ്ടെന്ന് കണ്ടെത്തി. ഇടയ്‌ക്കിടെ ഇവർ വീട്ടിൽ വന്നുപോയിരുന്നു. ശരണ്യയുണ്ടെന്ന വിശ്വാസത്തിലാണ് ലോഡ്ജിലെത്തിയതെന്നും അവരാണ് ക്രൂരമായി ലൈംഗികോപദ്രവം നടത്തിയതെന്നുമാണ് വീട്ടമ്മയുടെ മൊഴി. അതേസമയം ശ്രീരാജ്, തൃക്കാക്കര തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരെ സംഭവം നടന്ന വട്ടേക്കുന്നത്തെ ലോഡ്ജിലും കൂനംതൈയിലെ ഡിലൈറ്റ് സ്പായിലുമെത്തിച്ച് തെളിവെടുത്തു. ലോഡ്ജിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭ്യമായിട്ടില്ല. ഹാർഡ് ഡിസ്‌ക് കസ്റ്റഡിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |