
ആലപ്പുഴ:ഹരിപ്പാട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടത്തോടെ മർദ്ദിച്ചതിനുപിന്നിൽ കൂടെ പഠിക്കുന്ന പെൺകുട്ടിയുടെ ക്വട്ടേഷനെന്ന് ആരോപണം. മകനൊപ്പം പഠിക്കുന്ന വിദ്യാർത്ഥിനിയാണ്, പ്രണയം നിരസിച്ചതിന് ക്വട്ടേഷൻ നൽകിയതെന്ന് മർദ്ദനമേറ്റ ആൺകുട്ടിയുടെ അമ്മ ആരോപിച്ചു. ക്വട്ടേഷൻ ഏറ്റെടുത്ത പത്തൊൻപത് വയസ്സുകാരന്റെ നിർദ്ദേശപ്രകാരം 16വിദ്യാർത്ഥികൾ ചേർന്ന് ക്ലാസ് മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.
ഈ മാസം 15നായിരുന്നു സംഭവം. എന്തിനാണ് ആക്രമിക്കപ്പെട്ടതെന്ന് വിദ്യാർത്ഥിക്ക് മനസ്സിലായിരുന്നില്ല. സ്കൂൾ അധികൃതരോട് ആഭ്യന്തരമന്ത്രി കൂടിയായ സ്ഥലം എം.എൽ.എ രമേശ് ചെന്നിത്തല വിശദീകരണം തേടിയതിനെത്തുടർന്ന് വിദ്യാർത്ഥികളിൽ നിന്ന് വിശദവിവരങ്ങൾ ആരാഞ്ഞപ്പോഴാണ് പെൺകുട്ടിയുടെ ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയത്.
പ്ലസ് വണ്ണിൽ പഠിക്കുന്ന പെൺകുട്ടി മർദ്ദനമേറ്റ വിദ്യാർത്ഥിയോട് ഇഷ്ടം അറിയിച്ചിരുന്നു. ഇത് നിരാകരിച്ചതിലെ വിരോധം തീർക്കാൻ ചെങ്ങന്നൂർ ഐ.ടി.സിയിൽ പഠിക്കുന്ന ആൺസുഹൃത്തിന്റെ സഹായം തേടുകയായിരുന്നെന്നാണ് വിവരം. ഈവിദ്യാർത്ഥിയുടെ നിദ്ദേശപ്രകാരമാണ് ഹരിപ്പാട് സ്കൂളിലെ വിദ്യാർത്ഥികൾ ക്വട്ടേഷൻ ഏറ്റെടുത്തത്. മൂന്ന് ദിവസം ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്ന പതിനേഴുകാരൻറെ ചികിത്സ തുടരുകയാണ്. കഴുത്തിലെ കോളർ നീക്കിയിട്ടില്ല. തലയ്ക്കും മുഖത്തും പുറത്തുമാണ് ക്രൂരമർദ്ദനമേറ്റത്. മർദ്ദിച്ചവരെ സ്കൂളിൽ നിന്ന് ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. പെൺകുട്ടിയുടെ പങ്ക് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വിദ്യാർത്ഥിയുടെ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജുവനൈൽജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി.
''അതിക്രൂരമായാണ് മകൻ അക്രമിക്കപ്പെട്ടത്. പെണ്ണുകേസിൽഅടികൊണ്ടുവെന്നായിരുന്നു പ്രചരണം. സത്യാവസ്ഥ അറിയാൻ ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്റെ സഹായം തേടി. മന്ത്രി ഇടപെട്ടതോടെ സ്കൂൾ അധികൃതർ, മകനെ ആദ്യംമർദ്ദിച്ച വിദ്യാർത്ഥിയെ ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടിയുടെ ക്വട്ടേഷനാണെന്ന് പറഞ്ഞത്.
-മർദ്ദനമേറ്റപതിനേഴുകാരന്റെ അമ്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |