
കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളാകും സലിം കുമാർ. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ വലിയ പ്രത്യേകത സ്വാഭാവികതയാണ്. ഹാസ്യരംഗങ്ങളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അതേ നടൻ, ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ കണ്ണ് നനയിപ്പിക്കും. അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ആദാമിന്റെ മകൻ അബു തുടങ്ങിയ ചിത്രങ്ങളിലൂടെ, ഹാസ്യനടനല്ലെന്നും ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണെന്നും തെളിയിച്ചു.
ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധാരണ മനുഷ്യരുടെ അനുഭവങ്ങളെ കഥാപാത്രങ്ങളിലേക്ക് പകർത്തുകയും ചെയ്ത അദ്ദേഹത്തിന്റെ രീതി ഓരോ അഭിനേതാവിനും പാഠപുസ്തകമാണ്. മനുഷ്യന്റെ സന്തോഷവും സങ്കടവും നിസഹായതയും ആത്മാഭിമാനവും ഒരു പോലെ അവതരിപ്പിക്കുന്ന അസാധാരണ അഭിനേതാവായിരുന്നു. മലയാളിയുടെ ദൈനംദിന ഭാഷയിലേക്കും സംസ്‌കാരത്തിലേക്കും കടന്നുകയറിയ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച അദ്ദേഹം, അഭിനയത്തിന് അതിരില്ലെന്ന് തെളിയിച്ചു.
മനുഷ്യജീവിതത്തിന്റെ നാനാതുറകളെ തന്മയത്വത്തോടെ അവതരിപ്പിച്ചു. പലതവണ ജീവിതത്തിലേക്ക് തിരിച്ചു വരാറുള്ളത് പോലെ സലീമേട്ടൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഏറെ ദു:ഖകരമായ വാർത്തയാണ് തേടിവന്നത്. സലിംകുമാർ എന്ന നടനെ ആദ്യം നേരിൽക്കണ്ടത് എറണാകുളം പ്രസ് ക്ലബിൽ വച്ചാണ്. ലാൽ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' സിനിമയുടെ പ്രചാരണത്തിനെത്തിയതായിരുന്നു. ഞാൻ മറ്റൊരു വാർത്താസമ്മേളനത്തിനായും. കെ.എസ്.യു പ്രസിഡന്റായിരുന്ന എന്നോട് വളരെ വാത്സല്യവും സ്‌നേഹവും കാട്ടി. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർമ്മയുണ്ട്. 'ഞാനൊരു എം.എക്കാരൻ ആണെന്നും കോൺഗ്രസുകാരനാണെന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല!' അങ്ങനെ തുടങ്ങിയ സംഭാഷണം വലിയ ആത്മബന്ധത്തിലേക്ക് വഴിമാറി. പിന്നെ എത്രയോ കൂടച്ചേരലുകളും സംഭാഷണങ്ങളും. ദേശീയ പുരസ്‌കാരം നേടിയ അഭിനയപ്രതിഭ മാത്രമല്ല, മികച്ച സഹൃദയൻ കൂടിയായിരുന്നു. ഞാനുൾപ്പെടെയുള്ള പൊതുപ്രവർത്തകരെ ഒരുപാട് സ്‌നേഹിച്ച, വിമർശനാത്മകമായി സമീപിച്ച സലിംകുമാറിന്റെ വിയോഗം വ്യക്തിപരമായി വലിയനഷ്ടമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |