
കണ്ണൂർ: ബഡ്ജറ്റിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ, പ്രഖ്യാപനങ്ങൾ എത്രമാത്രം നടപ്പാക്കാൻ കഴിയുമെന്ന ആശങ്കയുണ്ട്. മന്ത്രി പി.സി. വിഷ്ണുനാഥിനോട് മലയാളത്തിന്റെ പ്രിയകഥാകൃത്ത് ടി. പദ്മനാഭൻ തുറന്നു പറഞ്ഞു. കണ്ണൂരിലെ വസതിയിൽ കാണാനെത്തിയതായിരുന്നു മന്ത്രി.
ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് പറയണമെന്ന് ആഗ്രഹമുണ്ട്. അത് എന്തെങ്കിലും നേടിയെടുക്കാനല്ല. 2016ൽ പിണറായി സർക്കാർ വന്നപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയിരുന്നു. സാഹിത്യ അക്കാഡമി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഞാൻ അറിഞ്ഞുകൊണ്ട് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടോ എന്ന് തിരിച്ചുചോദിച്ചു.
മന്ത്രിപദം സുഖകരമാണോ എന്ന ചോദ്യത്തിന് 'തുടക്കമല്ലേ" എന്ന് മറുപടി പറഞ്ഞ വിഷ്ണുനാഥിന് ഉപദേശം നൽകാനും പദ്മനാഭൻ മറന്നില്ല. ശുപാർശക്കാർ വരും. മനപ്രയാസം ഉണ്ടാകും. പക്ഷേ നിങ്ങളായിട്ട് വഴങ്ങില്ലെന്ന് അറിയാം.
കോൺഗ്രസിലെ ന്യൂജെൻ ഖദറിനെ പുച്ഛിക്കുന്നല്ലോ എന്ന് പദ്മനാഭൻ ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രി ചിരിയിൽ ഉത്തരമൊതുക്കി. താൻ ഖദർ ധരിച്ചാണ് ലോകം മുഴുവൻ സഞ്ചരിച്ചതെന്ന് പത്മനാഭൻ പറഞ്ഞു. 'ഖലീഫ ഉമറിന്റെ പിൻമുറക്കാർ" എന്ന തന്റെ ലേഖനം മന്ത്രിക്ക് സമ്മാനിച്ചു. അതിൽ മുഖ്യമന്ത്രിയെയും വിഷ്ണുനാഥിനെയും പരാമർശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു. ടി.ഒ. മോഹനൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |