SignIn
Kerala Kaumudi Online
Friday, 31 July 2026 1.37 AM IST

എ.ഡി.ജി.പി ശ്രീജിത്തിനെതിരായ പരാതി:വീണ്ടും ഹിയറിംഗ് നടത്തണം

s

കൊച്ചി: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ദിപിൻ എടവന നൽകിയ പരാതിയിൽ മൂന്നാഴ്ചയ്‌ക്കകം വീണ്ടും ഹിയറിംഗ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. ശ്രീജിത്തിന്റെ സാന്നിദ്ധ്യമില്ലാതെ പരാതിക്കാരനെ തനിച്ച് കേൾക്കാനാണ് നിർദ്ദേശം.

കോടതി നിർദ്ദേശപ്രകാരം നേരത്തേ നിശ്ചയിച്ച ഹിയറിംഗിൽ മാനദണ്ഡം പാലിക്കാത്തതിന് ജസ്റ്റിസ് എ. ബദറുദ്ദീൻ ആഭ്യന്തര വകുപ്പിനെ വിമർശിച്ചു. പരാതിക്കാരനെയും എ.ഡി.ജി.പിയെയും ഒരേസമയം കേൾക്കാനാണ് ആഭ്യന്തര വകുപ്പ് നോട്ടീസ് അയച്ചിരുന്നത്. മുതിർന്ന ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ മൊഴി നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ദിപിൻ ഹിയറിംഗിൽനിന്ന് വിട്ടുനിന്നു. തുടർന്ന്, പരാതിക്കാരൻ സഹകരിച്ചില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു.

ഉന്നത പൊലീസ് ഓഫീസർക്കെതിരെ ഹിയറിംഗ് നടത്തുമ്പോൾ പരാതിക്കാരനെയും ആരോപണവിധേയനെയും ഒരേസമയം വിളിച്ചുവരുത്തുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നൽകിയ റിപ്പോർട്ട് റദ്ദാക്കുകയും ചെയ്തു.

ശ്രീജിത്ത് വിദേശത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊലീസ് യൂണിഫോമിൽ അനധികൃതമായി പങ്കെടുത്തുവെന്നതടക്കമാണ് പരാതി. ഇതിൽ വിജിലൻസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ദിപിൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ആഗസ്റ്റ് 18ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADGP S SREEJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA