
മാന്നാർ: ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിൽ നിന്ന് കര കയറാൻ എസ്.എൻ.ഡി.പി യോഗം ജറനൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിമിത്തമായ തന്റെ ജീവിതകഥ ഗുരുദേവ പ്രഭാഷകയും റിട്ട. അദ്ധ്യാപികയുമായ സുലേഖ ടീച്ചർ വിതുമ്പലോടെ പറഞ്ഞു. അത് കേട്ടു നിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.
യോഗം മാന്നാർ യൂണിയൻ വൈദികയോഗം ഏർപ്പെടുത്തിയ ഗുരുദർശന വാഗ്മി പുരസ്കാരം എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗത്തിലാണ്,ആ കാരുണ്യത്തിന്റെ കഥ ടീച്ചർ വിവരിച്ചത്. ഓലക്കുടിലിൽ ദാരിദ്ര്യത്തിൽ മുങ്ങിയ ജീവിതത്തിലും നിരക്ഷരരായ മാതാപിതാക്കളുടെ പ്രോത്സാഹനത്തോടെ പഠനത്തിൽ മിടുക്കിയായി. ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയിട്ടും ബി.എഡ് പ്രഠനത്തിന് ബുദ്ധിമുട്ടിയപ്പോൾ തുണിക്കടയിൽ സെയിൽസ് ഗേളായി. ഇത് സംബന്ധിച്ച പത്രവാർത്തയെ തുടർന്ന് തൃപ്പൂണിത്തുറ ലയൺസ് ക്ലബിന്റെ സഹായത്താൽ ബി.എഡ് പഠനം പുർത്തിയാക്കി. 1992ൽ വിവാഹിതയായെങ്കിലും പ്രവാസിയായ ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടതോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി.
അദ്ധ്യാപക ജോലിക്കായി 1999 ഡിസംബർ 5ന് ഉദയംപേരൂർ ശാഖാ സെക്രട്ടറിയുടെ സാക്ഷ്യപത്രത്തോടെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി ഭവനത്തിലെത്തി അപേക്ഷ ഏല്പിച്ചു. ജീവിത കഥയും വിവരിച്ചു. അതോടെ തന്റെ ജീവിതത്തിലേക്ക് ഗുരുദേവന്റെ കൃപാ കടാക്ഷം കടന്നു വന്നതായി ടീച്ചർ പറഞ്ഞു. കണ്ണൂർ കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ അദ്ധ്യാപികയായി നിയമിച്ചുള്ള ഉത്തരവ് പിറ്റേന്ന് ജനറൽ സെക്രട്ടറിയിൽ നിന്നും സ്വീകരിച്ച്,പ്രീതി നടേശന്റെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്. മൂന്നു മാസത്തിനുള്ളിൽ ഉദയംപേരൂരിലേക്ക് സ്ഥലം മാറ്റം അനുവദിച്ചു.
മഹാ ഗുരുവിന്റെ ദർശനം ലോകർക്ക് പകർന്നു നൽകണമെന്നാണ് അന്ന് വെള്ളാപ്പള്ളി സുലേഖയോട് ആവശ്യപ്പെട്ടത്. മൈക്ക് കണ്ടാൽ വിറച്ചിരുന്ന കാലത്ത് വെള്ളാപ്പള്ളി പകർന്ന കരുത്തിൽ ഏറ്റെടുത്ത ദൗത്യം അദ്ധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ചിട്ടും തുടരുകയാണ്. എറണാകുളം പൂത്തോട്ട വടക്കേ നടുവത്തേഴത്ത് വീട്ടിൽ ഭർത്താവ് ഷാജി ദാമോദരനും മുംബയിൽ സേഫ്റ്റി ഓഫീസറായ ഏക മകൻ ജിഷ്ണുവിനും കുടുംബത്തിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ടീച്ചർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |