
മൂല്യ നിർണയത്തിലെ പിടിപ്പുകേടിന് വിദ്യാർത്ഥികളെ ബലിയാടാക്കി സർവകലാശാല
തിരുവനന്തപുരം: ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ പിടിപ്പുകേടിന് വിദ്യാർത്ഥികളെ ബലിയാടാക്കി കേരള സർവകലാശാല. സോഫ്റ്റ്‌വെയറിലെ ഗുരുതര പാകപ്പിഴയെ തുടർന്ന്, കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ സെമസ്റ്റർ -4, സെമസ്റ്റർ 1 സപ്ലിമെന്ററി പരീക്ഷാ ഫലങ്ങൾ പിൻവലിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലായി.
പാകപ്പിഴകൾക്കിടയാക്കിയ കെ- റിപ്പ് സോഫ്ട്‌വെയർ പിൻവലിക്കാനും യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സെന്ററിന്റെ സോഫ്റ്റ്‌വെയർ പുനസ്ഥാപിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. പ്രൊഫൈൽ വഴി ഫലം ലഭ്യമാകാതിരിക്കൽ, നിലവിലില്ലാത്ത വിഷയങ്ങളുടെ ഫലം ലഭിക്കൽ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ മാർക്കുകളിൽ തിരിമറി , വിജയിക്കാത്ത വിഷയങ്ങൾക്ക് പാസ് രേഖപ്പെടുത്തൽ തുടങ്ങി ഗുരുതരമായ അപാകതകളാണ് പ്രഖ്യാപിച്ച ഫലങ്ങളിൽ കണ്ടെത്തിയത്.
ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ നാലുവർഷ പ്രോഗ്രാം പരീക്ഷകളുടെ രജിസ്‌ട്രേഷനും നടത്തിപ്പും കെ റീപ്പ് വഴി പരാതി രഹിതമായി പൂർത്തിയാക്കാൻ കഴിയുമോ എന്നതിൽ സർവകലാശാലയ്ക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആശങ്കയുണ്ട്. നാലാം വർഷത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികളുടെ ക്രെഡിറ്റ് ട്രാൻസ്ഫർ, ഓൺലൈൻ/അധിക കോഴ്സുകളുടെ ക്രെഡിറ്റ് നൽകൽ, ഒരു സെമസ്റ്റർ മുൻപേ പഠനം പൂർത്തിയാക്കൽ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളൊന്നും ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമല്ല.ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ്പും ചേർന്ന് നടപ്പിലാക്കുന്ന, മഹാരാഷ്ട്ര ആസ്ഥാനമായ എം.കെ.സി.എൽ കമ്പനിയുടെ ഈ സോഫ്റ്റ്‌വെയറുമായി കേരള സർവകലാശാലയ്ക്ക് നേരിട്ട് ധാരണാപത്രമില്ല. ഇതുവരെ നടത്തിയ പരീക്ഷകളുടെ ഡാറ്റ പോലും സർവകലാശാലയ്ക്ക് കൈമാറിയിട്ടില്ലാത്തതിനാൽ, പരീക്ഷകളുടെ സുരക്ഷയും വിദ്യാർത്ഥികളുടെ വിവരങ്ങളും
പ്രതിസന്ധിയിലാണ്.,
സർവകലാശാലയുടെ കമ്പ്യൂട്ടർ സെന്ററിന് കെ-റീപ്പിൽ ഒരു നിയന്ത്രണവുമില്ലാത്തതിനാൽ, പരാതികളിൽ നേരിട്ട് ഇടപെടാനും സാധിക്കുന്നില്ല. സർക്കാരിന്റെ സമ്മർദ്ദത്തിലാണ് കേരള സർവകലാശാല കെ- റീപ്പ് നടപ്പിലാക്കിയത്. വിജയകരമായി പ്രവർത്തിച്ചിരുന്ന സംവിധാനം ഉപേക്ഷിച്ച്, പരീക്ഷാ നടത്തിപ്പിൽ മുൻപരിചയമില്ലാത്ത സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |