SignIn
Kerala Kaumudi Online
Sunday, 18 October 2026 1.23 AM IST

മൈസൂരു വാഹനാപകടം: നാടിന്റ നൊമ്പരമായി അവർ മടങ്ങി

death

കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഹൊൻസൂരിൽ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർക്കും നാടിന്റെ കണ്ണീർ വിട. കോഴിക്കോട് മാങ്കാവ് ഉള്ളാട്ടിൽപറമ്പിൽ സജേഷ് (33), ബേപ്പൂർ അരക്കിണർ അഫ്താബ് (22), മലപ്പുറം നിലമ്പൂർ കവളമുക്കട്ട കുനിക്കാടൻ ഷിബിൽ ആദം (32),​ ബസ് ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ (42) എന്നിവർക്കാണ് ജന്മനാട് അന്ത്യാഞ്ജലി നേർന്നത്. മൈസൂരു -മംഗളൂരു ദേശീയപാതയിൽ പെരിയപട്ടണയ്ക്ക് സമീപം കിരണഗള്ളി ഗേറ്റിൽ വെള്ളിയാഴ്ച പുലർച്ചെ 3.45നായിരുന്നു അപകടം. കാവേരി ട്രാവൽസിന്റെ എ.സി. സ്ലീപ്പർ ബസ് മൈസൂരുവിലേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മഴയിൽ കടപുഴകിയ മരം റോഡിൽ വീണുകിടന്നതിനാൽ ലോറി വെട്ടിച്ചപ്പോൾ ബസിന്റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 14 പേർ മൈസൂരുവിലെ സ്വകാര്യ ആശുപത്രികളിലും മേപ്പാടി മിംസ് ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി ഉമ്മ ഷെമിയെ ഫോണിൽ വിളിച്ച് വീട്ടിലെത്തുമെന്ന് അറിയിച്ചതാണ് ബേപ്പൂർ സ്വദേശി അഫ്താബ്. എന്നാൽ, വെള്ളിയാഴ്ച രാത്രി 'അഫ്താബ് മൻസിലി'ലേക്ക് മടങ്ങിയെത്തിയത് മകന്റെ ചേതനയറ്റ ശരീരം. വാഴയൂർ സാഫി കോളേജിൽനിന്ന് ബയോടെക്‌നോളജി കോഴ്‌സ് പൂർത്തിയാക്കിയശേഷം എറണാകുളത്തെ ഉമ്മയുടെ വീട്ടിലായിരുന്നു അഫ്താബ്. അവിടെനിന്ന് സുഹൃത്തുക്കളെ കാണാൻ ബംഗളൂരുവിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച രാത്രി കണ്ണംപറമ്പ് പള്ളി ശ്മശാനത്തിൽ അഫ്താബിന്റെ കബറടക്കം നടന്നു. സഹോദരൻ: മുഹാബ്. അഫ്താഫ്.
മാങ്കാവ് കുറ്റിയിൽതാഴം സ്വദേശിയായ സജേഷ് കുറേക്കാലമായി കാവേരി ട്രാവൽസിലെ ജീവനക്കാരനാണ്. ബുധനാഴ്ച വീട്ടിലെത്തി മടങ്ങിയ സജേഷിനായി കാത്തിരിക്കുകയായിരുന്നു അച്ഛൻ ശിവനും അമ്മ ശ്യാമളയും. വാർത്തയിലൂടെയാണ് കുടുംബം ദുരന്തവിവരമറിഞ്ഞത്. മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലിരുന്ന കുടുംബത്തെ തേടിയെത്തിയത് താങ്ങാനാവാത്ത വിയോഗ വാർത്തയായിരുന്നു. ഇന്നലെ രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ സജേഷിന്റെ മൃതദേഹം സംസ്‌കരിച്ചു. സഹോദരങ്ങൾ: സജി (ജിം പരിശീലകൻ), പരേതനായ ഷബിലാഷ്.
നിലമ്പൂർ പൂക്കോട്ടുപാടം കവളമുക്കട്ടയിലെ കുനിക്കാടൻ ആദമിന്റെ മകനാണ് ഷിബിൽ ആദം. ബംഗളൂരുവിൽ റിസർച്ച് അസിസ്റ്റന്റായി ജോലിചെയ്യുകയായിരുന്ന ആദം വീട്ടിലേക്ക് വരികയായിരുന്നു. മാതാവ് : റംലത്ത്. ഭാര്യ: ഡോ. നഹജ്. മകൻ: അബ്‌ലജ്. സഹോദരങ്ങൾ: അമൽ, നവൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA