
സമയ പരിധി നിശ്ചയിക്കും
തിരുവനന്തപുരം: ജനങ്ങളുടെ ജീവിത പ്രശ്നങ്ങളടങ്ങിയ ഫയലുകൾ പല മേശകളിൽ അടയിരിക്കുന്നത് ഒഴിവാക്കും. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകും. സമാന സ്വഭാവമുള്ള വിഷയങ്ങളിൽ ഉന്നതോദ്യോഗസ്ഥരുടെ തീരുമാനത്തിന് ഫയൽ അയയ്ക്കുന്നത് ഒഴിവാകുന്നതോടെ വേഗത്തിൽ തീർപ്പാക്കാനാകും.
ഡിസംബർ 31വരെ നീളുന്ന “ജനസ്പർശം-കേരളം" ഫയൽ അദാലത്തിൽ 'എ.ഐ'
സഹായത്തോടെ ഇതിനുള്ള മാർഗം കണ്ടെത്തും. ഭരണ സംവിധാന പ്രവർത്തനങ്ങളുടെ ആവർത്തനവും പരസ്പര വിരുദ്ധമായ ചട്ടങ്ങളും വ്യവസ്ഥകളും കണ്ടെത്തും. തീർപ്പാക്കാനുള്ളവയിലേറെയും വകുപ്പു മേധാവികളിൽ നിന്ന് ഭരണാനുമതിക്കായി ലഭിക്കേണ്ട ഫയലുകളാണ്. ദീർഘനാളായി തീരുമാനമാകാത്ത ഫയലുകൾ കണ്ടെത്തി സമയബന്ധിതമായ തീർപ്പാക്കും. ഫയൽ തീർപ്പാക്കലിൽ നിന്ന് പരിഹാരത്തിലേക്കും ഫയൽക്കൂന തടയുന്നതിലേക്കും മാറുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ഫയലുകളിൽ തീരുമാനമെടുക്കാൻ സമയ പരിധി നിശ്ചയിക്കും. അടുത്ത നടപടിക്കുള്ള ഉത്തരവാദിത്ത നിർണ്ണയവും തീർപ്പാക്കലും ഉറപ്പാക്കും. ആവർത്തിച്ചുള്ള പരാമർശങ്ങൾ, വകുപ്പുകൾ തമ്മിൽ കൂടിയാലോചനകളിലെ കാലതാമസം എന്നിവ ഒഴിവാക്കും.
തീർപ്പാക്കിയ ഫയലുകളുടെ എണ്ണം മാത്രം അളക്കാതെ തീരുമാനങ്ങളുടെ ഗുണനിലവാരം, സമയബന്ധിത നടപടി, ഫലപ്രാപ്തി എന്നിവയും വിലയിരുത്തും.
ജനങ്ങൾക്ക്
നീതി ഉറപ്പാക്കും
ഉദ്യോഗസ്ഥർ ഫയലുകൾ തീർപ്പാക്കാത്തതിന്റെ കാരണം കണ്ടെത്തി സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കും
ജനങ്ങൾക്ക് നീതിയുറപ്പാക്കാൻ കാലഹരണപ്പെട്ട ചട്ടങ്ങൾ, നടപടിക്രമങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ പരിഷ്കരിക്കും
ഫയൽ നീക്ക നിരീക്ഷണത്തിനും സമയക്രമം കർശനമാക്കാനും സി-ഡിറ്റുമായി ചേർന്ന് ഓൺലൈൻ സംവിധാനം
വകുപ്പു മേധാവികളുടെ അഭിപ്രായം ലഭിക്കാതെ കെട്ടിക്കിടക്കുന്ന ഫയലുകൾക്കായി സ്ഥിരം സമിതി
മുൻഗണന
വികസനത്തിന്
1 വികസനത്തിന് ഊന്നൽ നൽകുന്ന ഫയലുകൾക്കും ഫണ്ട് അനുവദിക്കാനുള്ള ശുപാശകൾക്കും വകുപ്പുതല പർച്ചേസിനുമാണ് മുൻഗണന
2 കോടതികളിലും കമ്മിഷനുകളിലും കേസുകളുള്ള ഫയലുകൾ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റീ ഓപ്പൺ ചെയ്യാമെന്ന വ്യവസ്ഥയോടെ തീർപ്പാക്കാം
3 നിയമസഭയുമായി ബന്ധപ്പെട്ട ഫയലുകൾ വകുപ്പു മേധാവിക്ക് കൈമാറണം. യാത്രാനുമതി, അവലോകന റിപ്പോർട്ട് തുടങ്ങിയവ സബ്ഓഫീസിൽ തീർപ്പാക്കാം
കെട്ടിക്കിടക്കുന്ന
ഇ-ഫയലുകൾ
2.76 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |