SignIn
Kerala Kaumudi Online
Sunday, 18 October 2026 1.59 AM IST

കൂട്ടസ്ഥലം മാറ്റത്തിൽ വലഞ്ഞ് തദ്ദേശവകുപ്പ്, ശബരിമല മുന്നൊരുക്കൾ വഴിതെറ്റി

READ ENGLISH VERSION
s

തിരുവനന്തപുരം: തദ്ദേശവകുപ്പിലെ കൂട്ടസ്ഥലം മാറ്റത്തിൽ ശബരിമല തീർത്ഥാടന മുന്നൊരുക്കം താളം തെറ്റിയെന്ന് ആക്ഷേപം. 31നകം തീർക്കാൻ ലക്ഷ്യമിട്ട ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. ശബരിമല തീർത്ഥാടന മേഖലയിലുള്ള ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പല ഗ്രാമപഞ്ചായത്തുകളിലും സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, എ.ഇ, ഓവർസിയർ തുടങ്ങിയ നിർണായക തസ്തികകളിൽ ആളില്ല. ഇവിടത്തെ ഉദ്യോഗസ്ഥർ ഉന്നതരെ സ്വാധീനിച്ചാണ് സ്ഥലം മാറി പോയത്.

പുതിയ സർക്കാർ ഒരു മാസമായപ്പോൾ തുടങ്ങിയ സ്ഥലം മാറ്റൽ പരമ്പര തുടരുകയാണ്. നാലു മാസത്തിനിടെ 11 കൂട്ടസ്ഥലം മാറ്റ ഉത്തരവുകളാണിറക്കിയത്. കഴിഞ്ഞ 16ന് ഇറങ്ങിയ പതിനൊന്നാമത്തെ ഉത്തരവിൽ 173 പേരെയാണ് സ്ഥലം മാറ്റിയത്. ഇതുവരെയിറങ്ങിയ ഉത്തരവുകളിലെ തിരുത്തലെന്ന വിചിത്ര തലക്കെട്ടോടെയാണ് പുതിയതിറക്കിയത്. എന്നിട്ടും ശബരിമലയുമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ പരിഗണിച്ചില്ല. ആദ്യമായാണ് സ്ഥലംമാറ്റത്തിനായി ഇത്രയേറെ ഉത്തരവുകളിറക്കുന്നത്.

സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഓൺലൈനായി പൊതുസ്ഥലം മാറ്റം നടത്തിയിരുന്നത്. ഭരണാനുകൂല സംഘടനകളും ചില ഏജന്റുമാരും സ്ഥലംമാറ്റത്തിനായി വൻ കച്ചവടം നടത്തുകയാണെന്നാണ് ആക്ഷേപം.

 തീർത്ഥാടന പാതകളിൽ സൗകര്യങ്ങളില്ല

തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും സംയുക്തമായാണ് തീർത്ഥാടന പാതകളിൽ ഭക്തർക്കുള്ള സൗകര്യങ്ങളൊരുക്കുന്നത്. പ്രധാന കേന്ദ്രങ്ങളിലെ കുടിവെള്ള വിതരണം, തെരുവ് വിളക്കുകൾ എന്നിവ ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. പാതയോരങ്ങളിലെ പൊതുശൗചാലയങ്ങളും 'ടേക്ക് എ ബ്രേക്ക്" കേന്ദ്രങ്ങളും ഒരുക്കുന്നത് അതതിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളാണ്. മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ഹോട്ടലുകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിവയും സജ്ജമാക്കണം. തദ്ദേശ സ്ഥാപനങ്ങിൽ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഇതൊന്നും ഇത്തവണ നടന്നിട്ടില്ല. സൗകര്യങ്ങളൊരുക്കാൻ അഞ്ചു മുതൽ 15 ലക്ഷം രൂപവരെയാണ് അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA