
തിരുവനന്തപുരം: വ്യവസായ വികസനത്തിനെന്ന പേരിൽ ആയിരക്കണക്കിന് കോടി മുടക്കി കണ്ണൂരിലെ കല്ലുവെട്ട് കുഴികളായ ഭൂമി കിഫ്ബി വാങ്ങിക്കൂട്ടിയതിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഭൂമിയേറ്റെടുപ്പിന് അനുമതി നൽകിയതിലെ വീഴ്ചയെക്കുറിച്ച് ധനകാര്യ, റവന്യൂ വകുപ്പുകളുടെ സഹായത്തോടെയുള്ള അന്വേഷണത്തിന് വിജിലൻസിനെ ചുമതലപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭൂമിയേറ്റെടുപ്പിലെ കള്ളക്കളികൾ 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
അനുമതിയില്ലാതെ കണ്ണൂരിൽ 2074 ഏക്കർ കുന്നു പ്രദേശം ഏക്കറിന് 2.49 കോടി
രൂപയ്‌ക്കാണ് വാങ്ങിയത്. വിപണി വിലയുടെ അഞ്ചിരട്ടിയാണിത്. 1000 ഏക്കർ ഏറ്റെടുക്കാനുള്ള തീരുമാനം മാറ്റിയാണ് നാല് ഘട്ടങ്ങളായി കണ്ണൂരിൽ 4896ഏക്കർ ഏറ്റെടുക്കാനൊരുങ്ങിയത്. 1000 കോടിക്ക് വാങ്ങിയിട്ട ഭൂമിയിൽ 6 വർഷമായി ഒന്നും നടന്നിട്ടില്ല. നിർമ്മാണം അസാദ്ധ്യമായ ഭൂമിയാണിതെന്ന് ഹൈക്കോടതി നിയോഗിച്ച സാങ്കേതിക സമിതി കണ്ടെത്തിയിരുന്നു.
വൻകിട പദ്ധതികൾക്ക് ഭൂമിയേറ്റെടുക്കുമ്പോൾ ഭരണച്ചെലവ് ഭൂമി വിലയുടെ 2.5 ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി ഭരണച്ചെലവായി കണക്കാക്കിയത് 1900 കോടിയിലേറെയാണ്. റെയിൽവേ പദ്ധതികൾക്കുള്ള സങ്കീർണ ഭൂമിയേറ്റെടുക്കലിൽ ഭരണച്ചെലവ് അഞ്ച് ശതമാനമേ ആകാവൂ. മറ്റു കേന്ദ്ര പദ്ധതികളിലിത് ഒരു ശതമാനമാണ്.ഇതേക്കുറിച്ചും വിജിലൻസ് അന്വേഷിക്കും.
ബഡ്ജറ്റ് പ്രഖ്യാപനം
മാറ്റി മറിച്ചു
കണ്ണൂർ പട്ടാനൂർ പണയത്തുപറമ്പിലിൽ 1000 ഏക്കറേറ്റെടുക്കാമെന്ന് 2016-17ലെ ബഡ്ജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു. ഇത് മാറ്റി മറിച്ചാണ് കണ്ണൂരിൽ 4896ഏക്കറേറ്റെടുക്കാൻ തീരുമാനിച്ചത്.
കിഫ്ബി സി.ഇ.ഒയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, പാലക്കാട് ജില്ലകളിൽ 12,727കോടിയുടെ ഭൂമിയേറ്റെടുപ്പിന് ഭരണാനുമതി നൽകി.
മന്ത്രിസഭാതീരുമാനം, ബഡ്‌ജറ്റ് പ്രഖ്യാപനം എന്നിവയില്ലാതെ കിഫ്ബിക്ക് ഭൂമിയേറ്റെടുക്കാനാവില്ല.
ഭൂമി ഇപ്പോൾ വിറ്റാലും മുടക്കിയതിന്റെ അഞ്ചിലൊന്നു പോലും കിട്ടില്ല. വായ്പാ തിരിച്ചടവും പലിശയും സർക്കാരിന് വമ്പൻ ബാദ്ധ്യതയായി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |