SignIn
Kerala Kaumudi Online
Thursday, 29 October 2026 1.28 AM IST

കേരള പൊലീസിൽ ഇനി 30% വനിതകൾ ചരിത്രം കുറിച്ച് സർക്കാർ

k

തിരുവനന്തപുരം: കേരള പൊലീസിൽ വനിതാ പ്രാതിനിദ്ധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും. നിലവിൽ 9:1 ആണ് പുരുഷ, വനിതാ പ്രാതിനിദ്ധ്യം. ഇത് 7:3 ആക്കാനാണ് തീരുമാനം. ഡി.ജി.പി റവാഡ ചന്ദ്രശേഖർ സമർപ്പിച്ച ശുപാർശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതോടെ സേനയിൽ മൂന്നിലൊന്നിനടുത്ത് വനിതാ പൊലീസുകാരാവും.

യു.ഡി.എഫ് സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിലും ഇത് ഉൾപ്പെടുത്തിയിരുന്നു. പുരുഷ, വനിതാ പൊലീസുകാരെ പ്രത്യേകം പി.എസ്.സി റാങ്ക് ലിസ്റ്റുകൾ വഴിയാണ് നിയമിക്കുന്നത്. ഓരോ പത്താമത്തെ സി.പി.ഒ ഒഴിവാണ് വനിതകൾക്കായി സംവരണം ചെയ്തിരുന്നത്. ഇനി മുതൽ ഏഴ് ഒഴിവുകൾ പുരുഷന്മാർക്കും തുടർന്നുള്ള മൂന്നെണ്ണം വനിതകൾക്കും നീക്കിവയ്ക്കും. നേരത്തേ എസ്.എച്ച്.ഒമാരായി 63 വനിതകളെ നിയമിച്ചിരുന്നു. കുറ്റകൃത്യങ്ങൾക്ക് ഇരകളായ സ്ത്രീകൾ, പോക്സോ കേസ് അതിജീവിതകൾ എന്നിവരിൽ നിന്ന് മൊഴിയെടുക്കേണ്ടതടക്കം വനിതാ പൊലീസിന്റെ ചുമതലയാണ്. പിങ്ക് പട്രോളും വനിതാ ഹെൽപ്പ് ലൈനുമടക്കം മറ്റ് ചുമതലകളുമുണ്ട്.

കേന്ദ്ര കമ്മിഷൻ

ശുപാർശ 33%

പൊലീസിലെ വനിതകളുടെ പ്രാതിനിദ്ധ്യം 33 ശതമാനമായി ഉയർത്താൻ കേന്ദ്ര ഭരണ നവീകരണ കമ്മിഷൻ നേരത്തേ ശുപാർശ ചെയ്തിരുന്നു. വനിതകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, പഞ്ചാബ്, തെലങ്കാന, ഡൽഹി, പുതുച്ചേരി സംസ്ഥാനങ്ങൾ നേരത്തേ 33% വനിതാ സംവരണം പ്രഖ്യാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMENPOLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA