SignIn
Kerala Kaumudi Online
Sunday, 07 June 2026 8.18 AM IST

സിഐടിയുവിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ; ഓട്ടോറിക്ഷകൾക്ക് ഇനി കേരളം മുഴുവൻ ഓടാം

READ ENGLISH VERSION
autorickshaw-

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. ഇനി മുതൽ കേരളം മുഴുവൻ ഓട്ടോറിക്ഷൾകൾക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്.

അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നൽകിയിരുന്നത്. ഓട്ടോകൾ ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാദ്ധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിച്ചിരുന്നത്. എന്നാൽ പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയും ആവശ്യപ്പെടുകയായിരുന്നു.

'ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്' എന്ന രീതിയിൽ പെർമിറ്റിൽ സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രെെവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഗതാഗത കമ്മിഷണറുടെ ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.

ഓട്ടോറിക്ഷയ്ക്ക് ദീർഘദൂര പെർമിറ്റുകൾ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദേശം. ദീർഘദൂര യാത്രക്ക് ഡിസെെൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോറിക്ഷ. സീറ്റ് ബെൽറ്റ് ഉൾപ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകൾ സംസ്ഥാനത്ത് വരുകയാണ്. റോഡുകളിൽ ഓട്ടോയ്ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗപാതകളിൽ പുതിയ വാഹനങ്ങൾ പായുമ്പോൾ ഓട്ടോകൾ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തി. അതോറിറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി. എന്നാൽ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AUTORICKSHAW, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA