
തിരുവനന്തപുരം: കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്ന കേരള ലാ അക്കാഡമിയിലെ പരീക്ഷ കേന്ദ്രം കേരള സർവകലാശാല പുനഃസ്ഥാപിച്ചു. പരീക്ഷാനടത്തിപ്പ് സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. സർവകലാശാല പരീക്ഷ സ്ഥിരം സമിതിയുടേതാണ് തീരുമാനം. പരീക്ഷ ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവരെ സർവകലാശാല തന്നെ നേരിട്ട് നിയമിക്കും. ചോദ്യപേപ്പറുകൾ ഓൺലൈനായി പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. പരീക്ഷാ ക്രമക്കേടുകളിലെ പരാതിയിൽ സർവകലാശാല രജിസ്ട്രാർ പരീക്ഷാ ഹാളുകളിലെ സി.സി.ടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തിരുന്നു. സെപ്തംബർ 15ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസിലറുടെ നേതൃത്വത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പരീക്ഷ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് പരീക്ഷ കേന്ദ്രം സസ്പെൻഡ് ചെയ്യുകയായിരുന്നു. പരീക്ഷാ ക്രമക്കേട് സംബന്ധിച്ചുള്ള തുടർ നടപടികൾ സർവകലാശാല സിൻഡിക്കേറ്റ് അച്ചടക്ക സമിതിയുടെ പരിഗണയിലാണ്. കോപ്പിയടിച്ച വിദ്യാർത്ഥികൾക്കെതിരെയും ഇൻവിജിലേറ്റർമാരായ ലാ അക്കാഡമിയിലെ അദ്ധ്യാപകർക്കെതിരെയും നടപടിയുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |