SignIn
Kerala Kaumudi Online
Sunday, 08 November 2026 2.07 AM IST

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം: ഡോ.കെ.എസ്.രാധാകൃഷ്ണൻ

ksr

ഇന്ത്യയിൽ ഏറ്റവും വിശ്വാസ്യതയുള്ള കേരള പബ്ലിക് സർവീസ് കമ്മിഷനിൽ അഴിമതി പ്രകടമായി കടന്നുവന്നു എന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ. പി.എസ്.സി ഇന്റേണൽ വിജിലൻസ് അന്വേഷണത്തിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. ഇവരിൽ നിന്ന് ഗവർണർ റിപ്പോർട്ട് വാങ്ങിയ ശേഷമാണ് പിരിച്ചുവിടൽ ശുപാർശ രാഷ്ട്രപതിക്ക് അയച്ചത്. മാത്രമല്ല പി.എസ്.സി ചെയർമാനെ ഗവർണർ നേരിൽ കേട്ടിരുന്നു. താൻ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ല എന്നും കമ്മിഷൻ കൂട്ടു ഉത്തരവാദിത്വത്തോടെയാണ് തീരുമാനമെടുത്തതെന്നും ചെയർമാൻ ഗവർണറെ അറിയിച്ചതായാണ് വിവരം. കമ്മിഷൻ മൊത്തത്തിൽ പ്രതിസ്ഥാനത്തു വന്നു. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം.

അനുഛേദം 317 പ്രകാരം നടപടി സ്വീകരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഉപദേശം സ്വീകരിക്കണം എന്ന നിഷ്കർഷ ഭരണഘടനയിൽ ഇല്ല. ഗവർണർ ശുപാർശ ചെയ്തത് ഒരു അച്ചടക്ക നടപടിക്കാണ്. അച്ചടക്ക നടപടി ശുപാർശ ചെയ്യുന്ന ആൾക്ക് അക്കാര്യം ബോദ്ധ്യമായിരിക്കണം. പി.എസ്.സിയുടെ പ്രവർത്തനത്തെ കുറിച്ച് ഗവർണർക്ക് നേരിട്ട് പരാതി ലഭിച്ചിരുന്നു. ചോദ്യക്കടലാസ് ഉണ്ടാക്കുന്നവർ അടക്കം പി.എസ്.സിയിലെ ഉദ്യോഗസ്ഥരും ചെയർമാനും അംഗങ്ങളും ഒത്തുചേർന്നു സ്വജന പക്ഷപാതവും അഴിമതിയും നടത്തുന്നു എന്നായിരുന്നു ആക്ഷേപം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്ര (2007), ഝാർഖണ്ഡ് (2010, 2026), പഞ്ചാബ് (2023), അരുണാചൽ പ്രദേശ് (2025), കർണ്ണാടകം (2026) എന്നീ സംസ്ഥാനങ്ങളിലെ പി.എസ്‌.സികൾ അഴിമതി ആരോപണത്തിന്റെ പേരിൽ പിരിച്ചുവിടപ്പെട്ടിട്ടുണ്ട്. കേരള പബ്ലിക് സർവീസ് കമ്മിഷനിൽ ചട്ടം 82 ലംഘിക്കപ്പെട്ടു എന്ന കാര്യത്തിൽ അന്വേഷണം നടത്തിയ പി.എസ്.സിയിലെ ആഭ്യന്തര വിജിലൻസിനും ക്രൈം ബ്രാഞ്ചിനും സംശയമില്ല. പി.എസ്.സിക്കും തർക്കമില്ല. തർക്കം നിലനിൽക്കുന്നത് ഉത്തരവാദിയാര് എന്ന കാര്യത്തിലാണ്. ഉത്തരവാദികൾ ഉദ്യോഗസ്ഥരാണെന്ന് ചെയർമാനും അംഗങ്ങളും, കമ്മിഷന്റെ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥരും പറയുന്നു. ഒത്തുകളിക്കുന്നു എന്നു ഹൈക്കോടതിക്ക് പോലും നിരീക്ഷിക്കേണ്ടി വന്നു. കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ സഹകരിച്ചു നടത്തുന്ന അഴിമതിയുടെ ആഴവും പരപ്പുമാണ് ഇതിൽ തെളിയുന്നത്.

(സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA