
കണ്ണൂർ: ഔദ്യോഗിക വാഹനത്തിന് പകരം സുഹൃത്തിന്റെ റേഞ്ച് റോവർ ഉപയോഗിക്കുന്നത് മന്ത്രി കെ.എം. ഷാജി നിറുത്തി. ആക്ഷേപം കനത്തതോടെയാണ് തീരുമാനം. കണ്ണൂർ തില്ലങ്കേരി സ്വദേശിയും സൗദി വ്യവസായിയുമായ യാക്കൂബിന്റേതാണ് ആഡംബര കാർ. യാക്കൂബിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം കാർ തിരിച്ചെത്തിച്ചു.
ഇന്നോവ ക്രിസ്റ്റയാണ് ഷാജിക്ക് സർക്കാർ അനുവദിച്ചിരുന്നത്. ഇത് സർവീസിന് നൽകിയ സമയത്താണ് സ്വകാര്യവാഹനം ഉപയോഗിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ഇന്ധനച്ചെലവ് സർക്കാരിൽ നിന്ന് വാങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി. പൊതുഭരണവകുപ്പിന്റെ അനുമതിയില്ലാതെയാണ് സ്വകാര്യവാഹനത്തിൽ ഔദ്യോഗിക ബോർഡും നമ്പരും ഉപയോഗിച്ചതെന്ന് ആക്ഷേപമുയർന്നിരുന്നു.
ഇന്നോവ നാല് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രയ്ക്ക് യോഗ്യമല്ലെന്നുമായിരുന്നു നേരത്തെ മന്ത്രിയുടെ വാദം. സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചത് സ്വന്തം ചെലവിലാണ്. ഔദ്യോഗിക നമ്പർ പതിച്ചത് സർക്കാർ അനുമതിയോടെയാണെന്നും പറഞ്ഞിരുന്നു.
ബിനാമിയല്ലെന്ന് ഉടമ
താൻ കെ.എം. ഷാജിയുടെ ബിനാമിയല്ലെന്നും സഹോദരതുല്യമായ ബന്ധമാണെന്നും യാക്കൂബ് തില്ലങ്കേരി പറഞ്ഞു. മന്ത്രിയാകുന്നതിന് മുമ്പും ഷാജി തന്റെ വാഹനം ഉപയോഗിച്ചിരുന്നു. താൻ സൗദിയിലേക്ക് മടങ്ങുമ്പോഴെല്ലാം വാഹനം സൂക്ഷിച്ചിരുന്നത് ഷാജിയുടെ വീട്ടിലാണ്. ഇൻഷ്വ റൻസും മറ്റ് ചെലവുകളും വഹിക്കുന്നത് താനാണ്.
കെ.എം. ഷാജിയുടേത് സത്യപ്രതിജ്ഞാലംഘനമാണ്. കാർ സൗജന്യമായി നൽകിയതിന് പിന്നിൽ പ്രത്യുപകാരമുണ്ടോയെന്ന് പരിശോധിക്കണം
- ചിന്ത ജെറോം, ഡി.വൈ.എഫ്.ഐ
സംസ്ഥാന പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |