
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ (കെ.എം.എസ്.സി.എൽ) ക്വാളിറ്റി കൺട്രോൾ വിഭാഗം നിറുത്തലാക്കി. കെ.എം.എസ്.സി.എൽ വഴി വാങ്ങുന്ന മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന് നൽകാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കെ.എം.എസ്.സി.എൽ വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത മരുന്നുകളിൽ പലതിനും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
കോടിക്കണക്കിന് രൂപയുടെ മരുന്നുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. കെ.എം.എസ്.സി.എൽ വാങ്ങുന്ന മരുന്നിന്റെ നിലവാരം സ്വന്തം ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധിക്കുന്നത് അഴിമതിയ്ക്ക് ഇടയാക്കുന്നതായും പരാതികളുണ്ട്.
കെ.എം.എസ്.സി.എൽ സംഭരിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കൽ സംവിധാനം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമായതിനാലാണ് തീരുമാനം.
ഗുണനിലവാരം ഉറപ്പാക്കുന്നതിന് നിയമപരമായ അധികാരവും സാങ്കേതിക വൈദഗ്ധ്യവും നിയന്ത്രണ ചുമതലയും ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനുണ്ട്. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ നിലവിലുള്ള ജീവനക്കാരുടെ കുറവ് കണക്കിലെടുത്ത് ഗുണനിലവാരപരിശോധനാ സംവിധാനം കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കാൻ ജീവനക്കാരെ താൽക്കാലിക കരാർ അടിസ്ഥാനത്തിൽനിയമിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. കെ.എം.എസ്.സി.എൽ വഴി സംഭരിക്കുന്ന എല്ലാ മരുന്നുകളും സർക്കാർ ആശുപത്രികളിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യുന്നതിന് മുമ്പ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പരിശോധിച്ച് ആവശ്യമായ ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കും.
തീരുമാനം പരിശോധന സുതാര്യമാക്കാൻ: കെ.മുരളീധരൻ
മരുന്നുകളുടെ നിലവാരപരിശോധന സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി കെ.മുരളീധരൻ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് കത്ത് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |