കൊല്ലം: കുണ്ടറ ചെറുമൂട്ടിലുള്ള ലോട്ടറി ഏജന്റായ ജി.സന്തോഷ് പല സീരിയലുകളിലുള്ള ഒരേ നമ്പർ ലോട്ടറി ടിക്കറ്റുകൾ അടുക്കി കെട്ടാക്കുന്നതിനിടയിൽ ഒന്നമ്പരന്നു, ഒരേ സീരിയലിൽ ഒരേ നമ്പരുള്ള രണ്ട് ടിക്കറ്റുകൾ. ഇന്ന് നറുക്കെടുപ്പ് നടക്കുന്ന എസ്.എസ് 544 സ്ത്രീശക്തി ലോട്ടറിയുടേതായിരുന്നു ഇരട്ട ടിക്കറ്റുകൾ. രണ്ട് ടിക്കറ്റിന്റെയും സീരിയലും നമ്പറും ഒന്നുതന്നെ, എസ്.സി 817746.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സന്തോഷ് എസ്.എസ് 544 സ്ത്രീശക്തി ലോട്ടറിയുടെ 300 ടിക്കറ്റുകൾ വാങ്ങിയത്. കൂടുതൽ ലോട്ടറി ടിക്കറ്റുകൾ ഒരുമിച്ചെടുക്കുന്നവർക്ക് പല സീരിയലുകളിലെ ഒരേ നമ്പർ ഒരുമിച്ച് കിട്ടുന്ന സെയിം കെട്ടിനോടാണ് താത്പര്യം. അതിനായി ടിക്കറ്റുകൾ സെയിം ടിക്കറ്റുകളാക്കുമ്പോഴാണ് ഇരട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്.
സന്തോഷ് ഇന്നലെ ലോട്ടറി വകുപ്പ് ഡയറക്ടർക്ക് ഇ-മെയിലായും ജില്ലാ ലോട്ടറി ഓഫീസർക്ക് നേരിട്ടും രണ്ട് ലോട്ടറി ടിക്കറ്റുകളുടെയും ചിത്രങ്ങൾ സഹിതം പരാതി നൽകി. സന്തോഷ് ശ്രദ്ധിക്കാതെ ലോട്ടറി വിറ്റ് ആ നമ്പറിന് സമ്മാനം അടിച്ചിരുന്നെങ്കിൽ രണ്ടുപേർ സമ്മാനത്തുക തേടി ലോട്ടറി വകുപ്പിനെ സമീപിക്കുമായിരുന്നു. രണ്ട് ടിക്കറ്റുകളും സന്തോഷ് വിൽക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. അച്ചടിയിൽ സംഭവിച്ച പിഴവാണെന്നാണ് ലോട്ടറി വകുപ്പ് അധികൃതരുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |