SignIn
Kerala Kaumudi Online
Saturday, 01 August 2026 1.49 AM IST

മുത്തങ്ങയിൽ പൊലീസുകാരന്റെ കൊല : മരിച്ച പ്രതി മാത്രം കുറ്റക്കാരൻ

muthanga

കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ കണ്ണൂർ കെ.എ.പി ബെറ്റാലിയനിലെ കോൺസ്റ്റബിൾ കെ.വി. വിനോദ് (29)കൊല്ല‌പ്പെട്ട കേസിൽ ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വെറുതേവിട്ടു. വിചാരണയ്ക്കിടെ മരിച്ച രണ്ടാം പ്രതി അശോകൻ മാത്രമാണ് കുറ്റക്കാരനെന്ന് കണ്ടെത്തി. മരണപ്പെട്ടതിനാൽ ശിക്ഷ വിധിച്ചില്ല.

കൊലക്കേസിൽ ഗൂഢാലോചന തെളിയിക്കാൻ സി.ബി.ഐക്കും തെളിവുകൾ ഹാജക്കാൻ പ്രോസിക്യൂഷനും കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് എല്ലാവരെയും വെറുതേ വിട്ടത്. മൊത്തം 57 പ്രതികളുള്ളതിൽ 15 പേരും മരിച്ചു.

2003 ഫെബ്രുവരി 19നായിരുന്നു കോളിളക്കം സൃഷ്ടിച്ച സംഭവം. 23 വർഷത്തിനുശേഷമാണ് വിധിവരുന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടാണ് സി.ബി.ഐക്ക് വിട്ടത്. പൊലീസ് വെടിവയ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു.

വിധിയിൽ നിരാശയുണ്ടെന്നും സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.വി. വിനോദിന്റെ സഹോദരൻ കെ.വി. ബാബു പറഞ്ഞു.

 പൊലീസിനെ ആക്രമിക്കൽ
നാലുപേർക്ക് അഞ്ച്
വർഷം കഠിനതടവ്

അതേസമയം, പൊലീസുകാരൻ അബ്ദുൾ സലാം, വനം വകുപ്പ് ജീവനക്കാരൻ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിൽ നാലു പേർക്ക് 5 വർഷം കഠിന തടവ് വിധിച്ചു. ഒന്നാം പ്രതി എം. ഗീതാനന്ദൻ (72),​ മൂന്നാം പ്രതി രമേശൻ​ കൊയിലിപ്പുര (58),​ അഞ്ചാം പ്രതി അനിൽ അപ്പപ്പാറ (47),​ പതിനൊന്നാം പ്രതി ബിനു നെയ്യാറ്റിൻകര (53) എന്നിവർക്കാണ് സെഷൻസ് ജഡ്ജ് അയൂബ്ഖാൻ പത്തനാപുരം ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകൽ, വധശ്രമക്കുറ്റങ്ങളാണ് തെളിഞ്ഞത്.

16 കുറ്റങ്ങളിലായി 19 വർഷവും 7 മാസവും തടവും,​ പിഴയുമാണ് വിധിച്ചതെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 5 വർഷമായി കുറയുകയായിരുന്നു. പ്രതികളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പിഴ ഒഴിവാക്കി. എന്നാൽ,​ വിനോദിന്റെ കുടുംബത്തിന് 7 ലക്ഷം,​ അബ്ദുൾ സലാമിന് 3 ലക്ഷം,​ ശശിധരന് 2 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയോട് ശുപാർശ ചെയ്തു.

പബ്ളിക് പ്രാേസിക്യൂട്ടർ ബോബി ജോസഫും പ്രതികൾക്ക് വേണ്ടി അഡ്വ. ടി.എം. റഷീദുമാണ് ഹാജരായത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് എർണാകുളം സി.ബി.ഐ കോടതിയിൽ നിന്ന് വയനാട് സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത്. തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

രക്തം ചിന്തിയ

മുത്തങ്ങ ഭൂ സമരം

1 ഗോത്രവിഭാഗക്കാർക്ക് ഭൂമിയാവശ്യപ്പെട്ട് എ.കെ. ആന്റണി സർക്കാരിന്റെ കാലത്താണ് (2003 ജനുവരി 5)​ മുത്തങ്ങ തകരപ്പാടിയിൽ എം. ഗീതാനന്ദൻ, സി.കെ. ജാനു എന്നിവരുടെ നേതൃത്വത്തിൽ ഒട്ടേറെ കുടുംബങ്ങൾ കുടിൽകെട്ടി സമരം തുടങ്ങിയത്.

2 വനം കൈയേറ്റം ഒഴിപ്പിക്കലാണ് കലാപമായി മാറിയത്. പൊലീസ് അതിക്രൂര മർദ്ദനം അഴിച്ചുവിട്ടു. സമരക്കാർ വിനോദിനെ പിടികൂടി കെട്ടിയിട്ടു മർദ്ദിച്ചു. ചോരവാർന്നാണ് മരണം. വെടിവയ്പിൽ ജോഗി കൊല്ലപ്പെട്ടു. ഒട്ടേറെ സമരക്കാർക്കും പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTHANGA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA