
ന്യൂഡൽഹി: നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് എഫ്.ഡി.സി ജലദോഷ-അലർജി മരുന്നുകൾ നൽകുന്നത് കേന്ദ്ര സർക്കാർ വിലക്കി. ക്ലോർഫെനിറാമിൻ മാലിയേറ്റ്- ഫെനൈൽഫ്രൈൻ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ എല്ലാ ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്.ഡി.സി) മരുന്നുകളുടെയും നിർമ്മാണം, വില്പന, വിതരണം എന്നിവയ്ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്.
ഇത്തരം മരുന്നുകൾ നാല് വയസിന് താഴെയുള്ള കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാദ്ധ്യതയുണ്ടെന്ന വിദഗ്ദ്ധ സമിതിയുടെയും ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെയും (ഡി.ടി.എ.ബി) ശുപാർശയെ തുടർന്നാണ് നിയന്ത്രണം. കൂടുതൽ സുരക്ഷിതമായ ബദൽ മരുന്നുകൾ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ മരുന്നുകളുടെ ലേബൽ, പാക്കേജ് ഇൻസർട്ട്, പരസ്യപ്രചാരണ സാമഗ്രികൾ എന്നിവയിൽ 'നാലു വയസിൽ താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കരുത്" എന്ന മുന്നറിയിപ്പ് വ്യക്തമായി രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ ക്ലോർഫെനിറാമിൻ മാലിയേറ്റ്- ഫെനൈൽഫ്രൈൻ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ ചില മരുന്നുകൾക്കുമാത്രമായിരുന്നു വിലക്ക്. പുതിയ തീരുമാനത്തോടെ ഇവ അടങ്ങിയ എല്ലാ മരുന്നുകൾക്കും നിയന്ത്രണം ബാധകമായി.
ക്ലോർഫെനിറാമിൻ മാലിയേറ്റ് അലർജി ലക്ഷണങ്ങൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന ആന്റിഹിസ്റ്റമിനാണ്. മൂക്കടപ്പ് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഡീ കോൺജസ്റ്റന്റാണ് ഫെനൈൽഫ്രൈൻ ഹൈഡ്രോക്ലോറൈഡ്.
എഫ്.ഡി.സി മരുന്നുകൾക്കെതിരായ കേന്ദ്രത്തിന്റെ നിയന്ത്രണനടപടികളുടെ തുടർച്ച കൂടിയാണ് തീരുമാനം. ഈ വർഷം ജൂണിലും 16 എഫ്.ഡി.സി മരുന്നുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |