SignIn
Kerala Kaumudi Online
Friday, 11 September 2026 1.19 AM IST

ക്യാൻസർ ബാധിച്ച 'നന്ദു' കടുവയ്ക്ക് ദയാവധം

kaduva

തൃശൂർ: വായയിൽ ക്യാൻസർ ബാധിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലായിരുന്ന 'നന്ദു' എന്ന ആൺകടുവയ്ക്ക് ദയാവധം. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് നടപടി. വയനാട് വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുറിച്ചാട് റേഞ്ചിൽ ഭീതിവിതച്ച കടുവയെ കഴിഞ്ഞ ഡിസംബറിലാണ് പുത്തൂരിലെത്തിച്ചത്. അന്നേ വായയിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്ന കടുവയ്ക്ക് ബയോപ്‌സി പരിശോധനയിലാണ് ക്യാൻസർ സ്ഥിരീകരിച്ചത്.

ശ്വാസകോശത്തിലേക്കും മറ്റ് ശരീരഭാഗങ്ങളിലേക്കും ക്യാൻസർ പടർന്നു. വായയിലെ എല്ലുകളും പല്ലുകളുമിളകി മാംസം വേർപ്പെടുന്ന ഘട്ടത്തിലായി. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറവായതിനാൽ കീമോതെറാപ്പി നൽകാനുമായില്ല. ഭക്ഷണം കഴിക്കാനാകാതെ പൂർണമായി കിടപ്പിലായതോടെയാണ് വിദഗ്ദ്ധസമിതി ദയാവധത്തിന് ശുപാർശ ചെയ്തത്.

ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകില്ലെന്ന് വെറ്ററിനറി വിദഗ്ദ്ധർ വിലയിരുത്തി. ബുധനാഴ്ച രാവിലെ 10ന് ദയാവധം നടത്തി. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ഔദ്യോഗിക മാനദണ്ഡങ്ങൾ പാലിച്ച് സുവോളജിക്കൽ പാർക്ക് വളപ്പിൽ സംസ്‌കരിച്ചു. ദേശീയ മൃഗമായതിനാൽ കടുവയ്ക്ക് ഗാർഡ് ഒഫ് ഓണർ നൽകിയാണ് വനംവകുപ്പ് അന്ത്യോപചാരം അർപ്പിച്ചത്.

സി.സി.എഫ് വിജയാനന്ദ്, സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ.നാഗരാജു, വെറ്ററിനറി കോളേജ് പ്രൊഫസർമാരായ അജിത്ത് ജേക്കബ് ജോർജ്, ഡോ. എസ്.അനൂപ്, ഡോ. അനൂപ് രാജ്, ഡോ. എം.ഷാജി, ഡോ. റെജി വർഗീസ്, എൻ.ജി.ഒ പ്രതിനിധി സി.ആർ.ഹരിപ്രസാദ് എന്നിവരടങ്ങിയ ഉന്നതതല സമിതിയാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MERCY KILLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA