SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.07 AM IST

ഒന്നിൽ നിന്ന് 163ലേക്ക് : നന്ദിഗൗരയിൽ "സ്നേഹം" ചുരത്തുന്നു

kalyani

തൃശൂർ: കാടിയും പുല്ലുമായി വെളിയിലേക്ക് ഇറങ്ങിയതേയുള്ളൂ. പാർവതി ഒരേ കരച്ചിൽ. അവളുടെ കിടാവ് ചാടിത്തുള്ളിയെത്തി മുട്ടിയുരുമ്മി തുടങ്ങി. പുല്ല് നിലത്തേക്കിട്ട് അതിനെ തലോടിയിട്ടാണ് പിന്നെ കല്യാണി അവറ്റകൾക്കെല്ലാം തീറ്റ കൊടുത്ത് തുടങ്ങിയത്. സഹായിക്കാൻ മറ്റ് ഏഴു പേരുമെത്തി. ഇത് അയ്യന്തോൾ കേരളവർമ്മ കോളേജ് റോഡിലെ മാതൃഹൃദയത്തിൽ കല്യാണിയുടെ (54) നന്ദിഗൗരയെന്ന ഗോശാല. ഇവിടെ മൂക്കുകയറില്ലാതെ, യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്നത് 83 പശുക്കൾ, കൂടെ 80 കാളകൾ. മണ്ണുത്തി മാടക്കത്തറ ചിറക്കേക്കോടിന് സമീപം കച്ചിത്തോട് ഡാമിനരികിലെ മൂന്നര ഏക്കറിലാണ് ഗോശാല.

കുഞ്ഞന്മാരായ വെച്ചൂരും കാസർകോട് കുള്ളനും വില്വാദ്രിയുമുണ്ടിവിടെ. കൂട്ടത്തിൽ ഉയരക്കാരായ സിന്ധിയും ഗിറും കാങ്ക്രെജും. ഓരോന്നിനും ശിവൻ, കൃഷ്ണൻ, പാർവതി, ഭൈരവൻ... എന്നിങ്ങനെ പേര്. പ്രതിമാസം മൂന്ന് ടൺ പുല്ലും ഒന്നരലക്ഷത്തോളം രൂപയുടെ പിണ്ണാക്കും തവിടുമാണ് തീറ്റ.

2017ൽ ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിൽ ഒറ്റപ്പെട്ടുവെന്ന തോന്നലിനിടെയാണ് പശുവളർത്ത് തുടങ്ങിയത്. ഇളയമകൻ വിഘ്നേഷ് പൈലറ്റാണ്. മൂത്തയാൾ കുടുംബത്തോടെ കാനഡയിലും. ഇഷ്ടം തോന്നി ചിലതിനെ വാങ്ങി, മറ്റു ചിലതിനെ പലരും കൈമാറി. കശാപ്പുകാർക്ക് കൈമാറാതെ കാളകളെ ഏൽപ്പിച്ചവരുണ്ട്. പിന്നീട് ഒലിവിയ ഗ്രൂപ്പിന്റെ സഹായത്തോടെയും മറ്റ് സമാനമനസ്കരുടെ സഹായത്തോടെയും ചാരിറ്റബിൾ ട്രസ്റ്റായി. ഏഴ് തൊഴിലാളികളും ട്രസ്റ്റ് അംഗങ്ങളും കൂടെച്ചേർന്നു.


പാൽ,​ ആദ്യം പശുക്കുട്ടികൾക്ക്

പശുക്കുട്ടികൾ കുടിച്ച ശേഷമുള്ള പാലാണ് ശേഖരിക്കുക. ദിവസവും 30-35 ലിറ്റർ വരും. ലിറ്ററിന് 110 മുതൽ 120 രൂപ വരെ വില. നാടനായതിനാൽ അയ്യന്തോൾ ചുങ്കത്ത് സ്ഥിരം ഉപഭോക്താക്കളുണ്ട്. നെയ്യും നെയ്യ് ചേർത്തുള്ള ഹെയർ ഓയിൽ, ബോഡി ഓയിൽ, പെയ്ൻ ബാം, പെയ്ൻ ഓയിൽ, പാൽപ്പൊടി, ഭസ്മം, ചന്ദനത്തിരി തുടങ്ങിയവയും വിൽക്കുന്നു.

പശുക്കളുടെ എണ്ണം കൂടിയതോടെ ഏഴിടങ്ങളിലേക്ക് മാറ്റേണ്ടിവന്നതാണ് ഇക്കാലത്തിനിടെ ആകെയുണ്ടായ വലിയ പ്രതിസന്ധി. സ്വന്തമായി അഞ്ചേക്കറുണ്ടെങ്കിലേ സർക്കാർ സഹായിക്കൂ. സാമ്പത്തിക പ്രതിസന്ധിയുണ്ട്.

കല്യാണി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NANDIGOURA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA