
പത്തനംതിട്ട: ശബരിമലയിൽ അപ്പം, അരവണ പ്രസാദ നിർമ്മാണത്തിനും പൂജാ സാധനങ്ങൾക്കുമായി മിൽമയിൽ നിന്നെത്തിച്ച നെയ്യ് തിരിമറി നടന്നത് പമ്പയിലെന്ന് സൂചന. വാഹനങ്ങളിലെത്തിച്ച നെയ്യ് ലാബ് ടെസ്റ്റിന് ശേഷമാകും തിരിമറി നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെയും ദേവസ്വം ബോർഡിന്റെയും പ്രാഥമിക നിഗമനം.
പ്രസാദങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായെത്തിക്കുന്ന ഭക്ഷ്യസാധനങ്ങൾ പമ്പയിലെ ലാബിൽ പരിശോധിച്ച ശേഷമാണ് സന്നിധാനത്തെ സ്റ്റോർ റൂമിലേക്ക് എത്തിക്കുന്നത്. മുൻകാലങ്ങളിലുണ്ടായ അരവണ പ്രതിസന്ധി മറികടക്കാൻ 2025ൽ പി.എസ്.പ്രശാന്ത് പ്രസിഡന്റായ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഒന്നര ലക്ഷം ലിറ്റർ നെയ്യ് വാങ്ങാൻ മിൽമയുമായി കരാറുണ്ടാക്കിയത്. ഇതുപയോഗിച്ച് തീർത്ഥാടന കാലത്തിന് മുമ്പായി രണ്ട് ലക്ഷത്തിലധികം ടിൻ അരവണയാണ് അന്ന് കരുതൽ ശേഖരമായി തയ്യാറാക്കിയത്. നട അടച്ചിരിക്കുമ്പോൾ നെയ്യ് ലഭ്യമാകാത്തതാണ് കരുതൽ ശേഖരം തയ്യാറാക്കാൻ പ്രേരിപ്പിച്ചത്. നട തുറന്ന ശേഷം സന്നിധാനത്ത് ഭക്തർ നെയ്‌ത്തോണിയിൽ ഉടയ്ക്കുന്ന തേങ്ങയിൽ നിന്നുള്ള നെയ്യും അരവണ, അപ്പം നിർമ്മാണത്തിനായി ഉപയോഗിക്കും. നിലവിൽ ശബരിമലയിലെത്തിച്ച നെയ്യിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയതോടെ ഒരു കമ്പനിയുടെയും നെയ്യ് വാങ്ങേണ്ടെന്നാണ് ബോർഡ് തീരുമാനം. പൂജാദികാര്യങ്ങൾക്കായി കുറഞ്ഞ അളവിൽ നെയ്യ് വേണ്ടിവരും. ഇത് ടെൻഡർ നടപടികളിലൂടെ വാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |