SignIn
Kerala Kaumudi Online
Friday, 11 September 2026 9.52 AM IST

നടപടി അശാസ്ത്രീയമെന്ന് മൃഗ സംരക്ഷണ സംഘടനയുടെ ഹർജി; ഓപ്പറേഷൻ അരിക്കൊമ്പന് ഹൈക്കോടതിയുടെ സ്റ്റേ

ari-komban

കൊച്ചി: ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് ഹൈക്കോടതി തടഞ്ഞു. ക്ടാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്ന ഓപ്പറേഷൻ അരിക്കൊമ്പൻ മാർച്ച് 29 വരെയാണ് കോടതി സ്റ്റേ ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വീഡിയോ കോൺഫറൻസിംഗ് മുഖേന അടിയന്തര സിറ്റിംഗ് നടത്തിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്. ആനയെ മയക്കുവെടി വച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനം വകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹർജി 29 നു വീണ്ടും പരിഗണിക്കും.

അതുവരെ ആന സെറ്റിൽമെന്റ് മേഖലയിലെ കോളനിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് വനം വകുപ്പ് ഉറപ്പാക്കണമെന്നും ഇതിനായി വേണ്ടത്ര ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ആനയെ നിരീക്ഷിക്കുന്നതു തുടരണം. അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങളും തുടരാം. എന്നാൽ ഇതോടൊപ്പം ബദൽ മാർഗ്ഗങ്ങളും പരിശോധിക്കണം. ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അക്രമകാരിയായ കാട്ടാനയെ പിടികൂടി കോടനാട് എത്തിക്കാനുള്ള വംന വകുപ്പിന്റെ ഉത്തരവിനെതിരെ മൃഗസംരക്ഷണ സംഘടന നേരത്തെ ഹർജി നൽകിയിരുന്നു. ഓപ്പറേഷൻ അരിക്കൊമ്പൻ വിജയകരമായി പൂ‌ർത്തിയാക്കിയാൽ പിടികൂടുന്ന ആനയെ ജനവാസമില്ലാത്ത മേഖലയിൽ തുറന്ന് വിടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അരിക്കൊമ്പനെ പിടികൂടി കോടനാട് സൂക്ഷിക്കാനുളള ഉത്തരവ് അശാസ്ത്രീയമാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

അതേസമയം അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഓപ്പറേഷൻ 25-ാം തീയതിയിൽ നിന്നും 26ലേക്ക് നേരത്തെ മാറ്റി വെച്ചിരുന്നു. . ദൗത്യം 25ന് പുലർച്ചെ തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. പ്ലസ്ടു പരീക്ഷയും കുങ്കിയാനകളെ സമയത്ത് എത്തിക്കാനാകാത്തതും കണക്കിലെടുത്താണ് അടുത്ത ദിവസത്തേക്ക് മാറ്റിയത്. മോക്ഡ്രിൽ 25ന് നടത്താനിരിക്കേയാണ് കോടതി വിധി വന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARI, KOMBAN, HIGH, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA