SignIn
Kerala Kaumudi Online
Tuesday, 29 September 2026 12.46 AM IST

പ്രായം തോറ്റു: 51ൽ രശ്‌മിയ്ക്ക് പ്ലസ്ടു പരീക്ഷയിൽ വമ്പൻ വിജയം

reshmi-manoj
രശ്മി മനോജ് പഠനക്ലാസിൽ

കോട്ടയം: സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്നാണ് പതിനെട്ടാം വയസിൽ മൂവാറ്റുപുഴ സ്വദേശി രശ്‌മി മനോജിന് പഠനം ഉപേക്ഷിക്കേണ്ടിവന്നത്.എന്നാൽ 51-ാം വയസിൽ കുടു‌ംബത്തിന്റെ പിന്തുണയോടെ പഠനം പുനരാരംഭിച്ച രശ്‌മിക്ക് പ്ലസ് ടു തത്തുല്യ പരീക്ഷയിൽ 75ശതമാനം മാർക്കോടെ മിന്നും വിജയം. 1994ലാണ് രശ്മി പി.ഡി.സി കൊമേഴ്‌സ് പഠനം പാതിയിൽ ഉപേക്ഷിച്ചത്. 1997ൽ വിവാഹതയായി. മൂന്ന് പെൺമക്കളുടെ അമ്മയായി. ആശാ വർക്കറായി ജോലി ചെയ്യുന്നതിനിടെയാണ് പ്ലസ്ടു തുല്യത പരീക്ഷ എഴുതാനുള്ള അവസരത്തെക്കുറിച്ച് അറിയുന്നത്.

പഠിക്കണമെന്ന ആഗ്രഹം ഭർത്താവിനോടും മക്കളോടും പറഞ്ഞപ്പോൾ അവർ കൂടെ നിന്നു. കൊമേഴ്‌സ് പഠിക്കാനായിരുന്നു ആഗ്രഹം. എന്നാൽ ഗ്രൂപ്പ് ലഭിക്കാത്തതിനാൽ ഹ്യുമാനിറ്റീസിൽ ചേർന്നു. 'ഈ പ്രായത്തിൽ ഇനി പഠിക്കണോ?"എന്ന ചോദ്യം പലതവണ കേട്ടെങ്കിലും രശ്മി തളർന്നില്ല. എല്ലാ ഞായറാഴ്ചകളിലും ക്ലാസിലെത്തി. നിരവധി പേർ പഠിക്കാനുണ്ടായിരുന്നെങ്കിലും പരീക്ഷ എഴുതിയത് രണ്ടുപേർ മാത്രം. ഇനി ഓപ്പൺ സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടണമെന്നാണ് രശ്മിയുടെ ആഗ്രഹം. ഈരാറ്റുപേട്ട തലപ്പലം പുതുകുളങ്ങര വീട്ടിൽ പി.കെ മനോജ് ആണ് ഭർത്താവ്. മക്കൾ: അനശ്വര (അദ്ധ്യാപിക, ഈരാറ്റുപേട്ട), അപർണ (നേഴ്‌സ്, എറണാകുളം), അരുണിമ (3 ഡി ആനിമേറ്റർ, കോഴിക്കോട്).

പഠിക്കാൻ പ്രായം തടസമല്ല, പ്രായത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വിഷമിപ്പിച്ചെങ്കിലും പിന്തിരിപ്പിച്ചില്ല. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രായമോ സാഹചര്യങ്ങളോ തടസമാകരുത്.

- രശ്മി മനോജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUS TWO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA