തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു സർക്കാരിനെ പ്രഹരിക്കാൻ ആയുധമാക്കിയ പി.എം ശ്രീ പദ്ധതിയിൽ എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തിൽ യു.ഡി.എഫ് സർക്കാർ. നടപ്പാക്കേണ്ടിവരുമെന്ന തരത്തിൽ യു.ഡി.എഫ് യോഗത്തിന് ശേഷം കൺവീനർ അടൂർ പ്രകാശ് നടത്തിയ അഭിപ്രായപ്രകടനം പാടെ തള്ളി മുസ്ലീം ലീഗിലെ പ്രമുഖനായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തിയതോടെ, ഭിന്നനിലപാട് പുറത്തായി. അപകടം മണത്ത യു.ഡി.എഫ് കൺവീനർ ഉപസമിതി റിപ്പോർട്ട് വന്നശേഷമേ തുടർ നടപടിയുണ്ടാകൂവെന്ന നിലപാടിലേക്ക് മാറി.
പാർട്ടിക്കുള്ളിലെ എതിർപ്പ് കണ്ടില്ലെന്നു നടിക്കാനാവാത്ത അവസ്ഥയിലാണ് ലീഗ് മന്ത്രിമാർ. പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം വിഴുങ്ങി സംഘപരിവാർ അജണ്ട നടപ്പാക്കാൻ യു.ഡി.എഫ് കൂട്ടുനിൽക്കുകയാണെന്ന ആക്ഷേപവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തിയതോടെ രാഷ്ട്രീയച്ചൂടേറി.
സർക്കാർ അധികാരത്തിലെത്തിയ ശേഷം വ്യാഴാഴ്ച ചേർന്ന ആദ്യ യു.ഡി.എഫ് യോഗം കഴിഞ്ഞ് വാർത്താ സമ്മേളനത്തിലാണ് കൺവീനർ അടൂർപ്രകാശ് , പി.എംശ്രീ പദ്ധതി നടത്തിപ്പുമായി മുന്നോട്ടു പോകുമെന്ന് വിശദമാക്കിയത്. മന്ത്രിസഭാ ഉപസമിതി തീരുമാനം കൂടി പരിഗണിച്ചായിരിക്കും യു.ഡി.എഫ് തീരുമാനത്തിലെത്തുകയെന്നും പറഞ്ഞിരുന്നു. അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ഇന്നലെ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞത്. യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തിൽ ഒറ്ര അഭിപ്രായമാണെന്നും കൂടി കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് യോഗം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, ചർച്ച ചെയ്യാത്ത വിഷയത്തെക്കുറിച്ച് കൺവീനർ അഭിപ്രായം പറയുമോ എന്ന ചോദ്യം ബാക്കി.
യു.ഡി.എഫ് യോഗത്തിൽ ഫോർവേഡ് ബ്ളോക്ക് നേതാവ് ദേവരാജൻ ചില കാര്യങ്ങൾ പറഞ്ഞെന്നും എന്നാൽ മുഖ്യമന്ത്രി അന്തിമ തീരുമാനം പറഞ്ഞില്ലെന്നുമാണ് ലീഗ് നിലപാട്. ഇതു പറയുമ്പോഴും പദ്ധതി നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ആരും പറഞ്ഞിട്ടില്ല. പി.എം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് അബ്ദുൾ വഹാബ് എം.പിയുടെ ചോദ്യത്തിന് കേന്ദ്രസഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടി സർക്കാരിനെതിരായ ആയുധമാക്കാനാണ് പ്രതിപക്ഷ ശ്രമം.
കേന്ദ്ര മറുപടി വെട്ടിലാക്കി
പദ്ധതിയിൽ ഒപ്പുവയ്ക്കുന്നതിലും പിന്മാറുന്നതിലും തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. ഒപ്പു വയ്ക്കാതിരിക്കുകയോ, പിന്മാറുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകും. ധാരണാപത്രം ഒപ്പിട്ട ശേഷം കേരളം സ്‌കൂളുകളുടെ പട്ടിക നൽകിയിട്ടില്ല. പി.എം ശ്രീ വഴി കേരളത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല
-കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി
(പി.വി അബ്ദുൾ വഹാബ് എം.പിക്ക്
രേഖാമൂലം നൽകിയ മറുപടി)
പദ്ധതി നടപ്പിലാക്കിയാൽ വിദ്യാലയങ്ങളിൽ പാഠ്യപദ്ധതി നിർണയിക്കുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം പരിമിതമാകും. സംസ്ഥാന ബോർഡ് അംഗീകാരമുള്ള പി.എം. ശ്രീ സ്‌കൂളുകളിൽ സംസ്ഥാന സിലബസ് പിന്തുടരാം. എന്നാൽ ആ സിലബസിന്റെ ഘടന 2020-ലെ ദേശീയ വിദ്യാഭ്യാസ നയവുമായി ചേർന്നു പോകുന്നതായിരിക്കണം
( വി. ശിവദാസൻ എം.പിക്ക് രേഖാമൂലം കേന്ദ്രമന്ത്രി നൽകിയ മറുപടി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |