
തിരുവനന്തപുരം: കൗമാരക്കാർക്ക് സമഗ്ര ലൈംഗിക വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പും എൻ.ജി.ഒ കനലും ചേർന്ന് ജില്ലയിലെ സ്‌കൂളുകളിൽ നടപ്പാക്കുന്ന പ്രോജക്ട് എക്സ് പദ്ധതിക്ക് തുടക്കമായി. വഴുതക്കാട് കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത്തരം പദ്ധതികൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ 50 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. ഓരോ സ്‌കൂളിൽ നിന്നും 100 വീതം ആകെ 5,000 വിദ്യാർത്ഥികൾക്കാണ് ലൈംഗിക വിദ്യാഭ്യാസം നൽകുക. ശരീരശാസ്ത്രം, ഗർഭനിരോധന മാർഗങ്ങൾ, ലൈംഗിക രോഗങ്ങൾ, ലൈംഗിക അവകാശങ്ങളും ഉത്തരവാദിത്വങ്ങളും, പോക്‌സോ നിയമം തുടങ്ങിയവ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിത്തുകയുടെ പകുതി ജില്ലാ ഭരണകൂടവും ശേഷിക്കുന്നത് ഗൈഡ് ഹൗസ് എന്ന കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നുമാണ് ചെലവിടുക. പദ്ധതി വിശദീകരിക്കുന്ന കൈപ്പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ജെറോമിക് ജോർജ് അദ്ധ്യക്ഷനായി. പിന്നണിഗായകൻ ജി. വേണുഗോപാൽ വിശിഷ്ടാതിഥിയായി. കൗൺസിലർ രാഖി രവികുമാർ, അസിസ്റ്റന്റ് കളക്ടർ അഖിൽ വി.മേനോൻ, ഡി.ഇ.ഒ ആർ.എസ്.സുരേഷ്‌ബാബു, എ.ഇ.ഒ ആർ.ഗോപകുമാർ, ഗൈഡ് ഹൗസ് അസോസിയേറ്റ് ഡയറക്ടർ പ്രിൻസ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |