SignIn
Kerala Kaumudi Online
Friday, 11 September 2026 1.02 AM IST

പി.എസ്.സി ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട് ചോദ്യമുനയിൽ ചെയർമാൻ 15 മുതൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മൊഴിയെടുപ്പ് അംഗങ്ങളും ഹാജരാകണം

READ ENGLISH VERSION
d

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും എസ്.ഐ.ടി ചോദ്യം ചെയ്യും. 15ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ പി.എസ്.സി അംഗം എസ്.എ.സെയ്‌ഫിന് നോട്ടീസ് നൽകി.

കമ്മിഷനിൽ ചെയർമാനെതിരെ നിർഭയമായി അഭിപ്രായം പ്രകടിപ്പിക്കുന്ന അംഗം കൂടിയാണ് കൊല്ലം സ്വദേശിയായ സെയ്ഫ്. പി.എസ്.സിയിലെ നിലവിലെ പ്രശ്നങ്ങളെ സംബന്ധിച്ച് എസ്.എ.സെയ്ഫ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. സെയ്ഫിന്റെ മൊഴി ലഭിക്കുന്നതോടെ, പി.എസ്.സിയിൽ നടക്കുന്ന ക്രമക്കേടുകളിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്ന് അന്വേഷണസംഘം കരുതുന്നു.

മറ്റു 15 അംഗങ്ങൾക്കും നോട്ടീസ് നൽകി തുടങ്ങി. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം.ആർ.ബൈജുവിനെയും ചോദ്യം ചെയ്യും. ആസൂത്രണ ബോർഡ് തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂ ചെയർമാന്റെ ചുമതലയിലാണ് നടന്നത്. എസ്.ഐ.ടി അന്വേഷണം ചെയർമാന് കുരുക്കായി മാറുമെന്ന് ജൂലായ് 7ന് 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു.


രണ്ട് ഉദ്യോഗസ്ഥർക്ക് വീഴ്ച

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് പി.എസ്‍.സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാ‍ഞ്ചിന്റെ കണ്ടെത്തൽ. ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷ്, അഡിഷണൽ സെക്രട്ടറി ആർ.ഹരി എന്നിവർക്കാണ് വീഴ്ച സംഭവിച്ചത്. സതീഷ് സർവീസിൽ നിന്നു ഒന്നരവ‌ർഷം മുമ്പ് വിരമിച്ചു. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്ന് ഡി.ജി.പിക്ക് എസ്.ഐ.ടി റിപ്പോർട്ട് നൽകി.
മൂല്യനിർണയത്തിൽ പിഴവുണ്ടായെന്ന് അറിഞ്ഞിട്ടും ചെയർമാൻ നടപടി സ്വീകരിച്ചില്ലെന്നും പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാൻ സ്വീകരിച്ചതെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ഉദ്യോഗസ്ഥർക്ക് ഉണ്ടായത് പിഴവാണോ അറിഞ്ഞുകൊണ്ട് ഒത്താശ ചെയ്തതാണോ എന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ആസൂത്രണ ബോർഡ് തസ്തികകളിലേക്ക് നടത്തിയ പരീക്ഷയിൽ 58 മാർക്കിന്റെ ചോദ്യോത്തരങ്ങൾ മൂല്യനിർണയം നടത്താതെവിട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.


ഗവർണറുടെ അതൃപ്‌തി,

കമ്മിഷൻ കുരുക്കിലേക്ക്

എസ്.ഐ.ടി റിപ്പോർട്ട് പി.എസ്.സിക്ക് എതിരായാൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തുനൽകാനാണ് ഗവർണറുടെ നീക്കമെന്ന് സൂചന. അങ്ങനെവന്നാൽ രാഷ്ട്രപതിയുടെ നിർദ്ദേശാനുസരണം സുപ്രീംകോടതി നേരിട്ടാകും അന്വേഷണം നടത്തുക. റിപ്പോർട്ട് എതിരായാൽ ചെയർമാനെയും കമ്മിഷൻ അംഗങ്ങളെയും പിരിച്ചുവിടും.

ആരോപണങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്താൻ ഡി.ജി.പിയെ ലോക്ഭവനിൽ വിളിച്ചുവരുത്തിയിരുന്നു. പി.എസ്.സി സെക്രട്ടറിയെയും വിളിച്ചുവരുത്തി അന്വേഷിച്ചു. ചില പി.എസ്.സി അംഗങ്ങളെയും ലോക്ഭവനിൽ വിളിച്ചുവരുത്തിയതായി അറിയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA