
തിരുവനന്തപുരം: ആസൂത്രണബോർഡിലേക്കുള്ള പരീക്ഷാതട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിൽ, ചോദ്യം ചെയ്യലിനെ ചൊല്ലി പി.എസ്.സി അംഗങ്ങളും ക്രൈംബ്രാഞ്ചും തർക്കം തുടരുന്നതിനിടെ നിർണ്ണായക പി.എസ്.സി യോഗം ഇന്ന്.
ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്നും അംഗങ്ങൾക്ക് പ്രത്യേകപരിരക്ഷയുണ്ടെന്നുമാണ് പി.എസ്.സിയുടെ നിലപാട്. ഇന്ന് നടക്കുന്ന യോഗം ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കാനാണ് സാദ്ധ്യത. ഇതുസംബന്ധിച്ച് തേടിയ നിയമോപദേശം യോഗത്തിൽ ചർച്ച ചെയ്യും.
തീരുമാനത്തിൽ ഉറച്ചുനിന്നാൽ ക്രൈംബ്രാഞ്ചിന്റെ തുടർനീക്കങ്ങൾ എന്താകും എന്നതിലാണ്
ആകാംക്ഷ. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാല് അംഗങ്ങൾക്കാണ് എസ്.ഐ.ടി നോട്ടീസ് നൽകിയിട്ടുള്ളത്. മറ്റുള്ള അംഗങ്ങൾക്ക് തുടർന്ന് നോട്ടീസ് നൽകാനാണ് ആലോചിക്കുന്നത്. പി.എസ്.സി ആസ്ഥാനത്തെത്തി ചോദ്യം ചെയ്യണമെന്ന അംഗങ്ങളുടെ ആവശ്യം ക്രൈംബ്രാഞ്ച് അംഗീകരിച്ചിട്ടില്ല.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി:
പി.എസ്.സിക്ക് ശുപാർശ കൈമാറി
18 അദ്ധ്യാപകതസ്‌തികകളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ പി.എസ്.സിക്ക് ലഭിച്ചു. ഇന്നത്തെ യോഗത്തിൽ ഇക്കാര്യം അജൻഡയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് നിലപാടറിയാം.
ബുധനാഴ്ചയാണ് ശുപാർശ മെയിലിൽ പി.എസ്.സിക്ക് ലഭിച്ചത്. സെപ്തംബർ 2ലെ മന്ത്രിസഭായോഗം ഇക്കാര്യം തീരുമാനിച്ചെങ്കിലും ശുപാർശ വൈകിയതോടെ 18 റാങ്ക് ലിസ്റ്റുകളിൽ ഒന്നിലേക്ക് പി.എസ്.സി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലേക്കുള്ള ഹൈസ്‌കൂൾ മലയാളം അദ്ധ്യാപക തസ്‌തികയിലാണ് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. റാങ്ക്ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാൻ സർക്കാരിൻ്റെ ശുപാർശ പി.എസ്.സി അംഗീകരിക്കാൻ സാദ്ധ്യതയില്ലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |