SignIn
Kerala Kaumudi Online
Friday, 19 June 2026 9.39 AM IST

തെറ്റുചെയ്തിട്ടില്ല, ക്യാമറ ദൃശ്യം രക്ഷിച്ചെന്ന് രാജു

READ ENGLISH VERSION
p

തിരുവനന്തപുരം: സി.സി ടിവി ദൃശ്യങ്ങൾ രക്ഷിച്ചു. ഞാൻ പറഞ്ഞത് സത്യമാണെന്ന് എല്ലാവർക്കും ബോദ്ധ്യമായി. സമാധാനം. ട്രിവാൻ‌ഡ്രം ക്ലബിനു മുന്നിൽ നടന്ന അപകടത്തിൽ താൻ തെറ്റുചെയ്തില്ലെന്ന് പറയുകയാണ് നടൻ മണിയൻപിള്ള രാജു.

അപകടം കണ്ടിട്ടും കാർ നിറുത്താത്തത് പേടിച്ചിട്ടാണ്. ഞാൻ ക്യാൻസർ പേഷ്യന്റാണ്. ഇപ്പോൾ ചിക്കുൻ ഗുനിയയുമുണ്ട്. അപകടസ്ഥലത്ത് നിന്നാൽ ആൾക്കാർ വണ്ടി അടിച്ചു പൊട്ടിക്കുമോ, എന്നെ അടിക്കുമോ എന്നൊക്കെ പേടിച്ചു. 2024നു ശേഷം മദ്യപിച്ചിട്ടില്ല.

ക്ലബിൽ ഒരു പരിപാടിയിൽ ട്രോഫി കൊടുക്കാൻ പോയതാണ്. പരിപാടി കഴിഞ്ഞ് കാറുമായി റോഡിലേക്കിറങ്ങാൻ വണ്ടികൾ പോകുംവരെ കാത്തുനിന്നു. ഇൻഡിക്കേറ്ററിട്ട് പതിയെ നീങ്ങുന്നതിനിടെയാണ് ബൈക്ക് പാഞ്ഞുവന്ന് ഇടിച്ചത്.

എന്നെ ആവശ്യമില്ലാതെ ചില ദൃശ്യമാദ്ധ്യമങ്ങൾ കുറ്റപ്പെടുത്തി. എല്ലായിടത്തും ക്യാമറ ഉള്ളതുകൊണ്ട് സത്യം ബോദ്ധ്യമാകാൻ അധികം സമയം വേണ്ട. ട്രിവാൻ‌ഡ്രം ക്ലബിലെ സുഹൃത്തുക്കളെ വിളിച്ച് സംഭവമറിയിച്ചു. യുവാക്കൾക്ക് പെട്ടെന്ന് മെഡിക്കൽ സഹായം ചെയ്യണമെന്നും പറഞ്ഞു. അവരാണ് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്.

അപകടമുണ്ടായതിനു പിന്നാലെ പൊലീസ് സ്റ്റേഷനിലും വിളിച്ചറിയിച്ചെന്ന് രാജു പറഞ്ഞു. ഡ്രൈവർ ഇല്ലാത്തതുകൊണ്ട് വാഹനം ഉടനെത്തിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചപ്പോൾ രാവിലെ കൊണ്ടുവന്നാൽ മതിയെന്ന് പൊലീസ് പറഞ്ഞു. ഞാനോടിച്ച വാഹനം ജീവിതത്തിൽ ഇന്നോളം സൈക്കിളിൽ പോലും മുട്ടിയിട്ടില്ല. യുവാക്കൾക്ക് കാര്യമായി ഒന്നും പറ്റാത്തത് ആശ്വാസം. എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്റെ ജന്മം പാഴായിപ്പോയേനെ. ചികിത്സയിൽ കഴിയുന്നവരെ കാണണമെന്നുണ്ട്. കേസ് നിയമപ്രകാരം പോകട്ടെ. ഒത്തുതീർപ്പിനില്ല.

രാജുവിന്റെ കാർ വേഗത്തിൽ
വന്നിടിച്ചെന്ന് യുവാക്കൾ

സംഭവത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ നിദേവിനെയും സൂരജിനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. കാർ വേഗത്തിൽ വന്ന് ബൈക്കിലിടിക്കുകയായിരുന്നെന്ന് നിദേവ് പറഞ്ഞു.

രാത്രി അസൈൻമെന്റ് വാങ്ങുന്നതിനാണ് സുഹൃത്തിന്റെ ബൈക്കിൽ വഴയിലയിൽ താമസിക്കുന്ന മറ്റൊരു സുഹൃത്തിന്റെ അടുത്തേക്ക് പോയത്. കാർ റോഡിലേക്ക് ഇറങ്ങിവരുന്നതിന്റെ ലൈറ്റ് കണ്ടിരുന്നു. അപ്പോൾത്തന്നെ ഹോൺ അടിച്ചു. അടുത്തെത്തിയപ്പോൾ കാർ പെട്ടെന്ന് വന്നിടിച്ചു. ഞങ്ങൾ ദൂരെ തെറിച്ചുവീണു. കാർ ബൈക്കിനെ നിരക്കിക്കൊണ്ടുപോയെന്ന് സൂരജ് പറഞ്ഞു. കുറെ നേരം റോഡിൽ കിടന്നു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കേസുമായി മുന്നോട്ടുപോകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA