
സൗജന്യ വിഭാഗത്തിൽ അനർഹർ ഒഴിവാകും
തിരുവനന്തപുരം: കേരളത്തിലെ റേഷൻ വിതരണ നിയന്ത്രണം കേന്ദ്ര സർക്കാരിലെത്തുന്നു. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായ സ്മാർട്ട് പി.ഡി.എസ് (പബ്ളിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) ഉടൻ നടപ്പാക്കും. ഇതിനുള്ള ധാരണാപത്രത്തിൽ സംസ്ഥാനം 2024ൽ ഒപ്പിട്ടിരുന്നു. കാർഡ് വിതരണം, മുൻഗണന നിശ്ചയിക്കൽ എന്നിവയ്‌ക്കൊക്കെ കേന്ദ്രാനുമതി വേണ്ടിവരും. അനർഹർ ഒഴിവാകും. വിതരണം കാര്യക്ഷമമാകും.
സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ ഉത്തരവാദിത്വം ഏതാണ്ട് പൂർണമായും കേന്ദ്രം ഏറ്റെടുക്കും. കേരളത്തിലെ റേഷൻ കാർഡ് അംഗങ്ങളുടെ വിവരങ്ങൾ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സെർവറിലേക്ക് കൈമാറിയിരുന്നു. ഒരു ജില്ലയിൽ പദ്ധതി അടിയന്തരമായി നടപ്പിലാക്കിയ ശേഷം സംസ്ഥാന വ്യാപകമാക്കാനാണ് കേന്ദ്ര നിർദ്ദേശം.
ഗോഡൗണുകളിൽ നിന്നു റേഷൻകടകൾ വരെയുള്ള വിതരണം, റൂട്ട് മാപ്പ്, നീരീക്ഷണ ക്യാമറ സംവിധാനങ്ങൾ എന്നിവ ഏകോപിപ്പിച്ചുള്ള പദ്ധതിയാണ് സ്മാർട്ട് പി.ഡി.എസ്. നിരീക്ഷണം വരുന്നതോടെ ധാന്യ വിതരണത്തിൽ ആവശ്യകതയ്ക്കനുസരിച്ച് കൂട്ടലും കുറവും വരുത്താൻ കേന്ദ്രത്തിനാകും.
മുൻഗണനാ കാർഡ്
ഇഷ്ടാനുസരണം പറ്റില്ല
മുൻഗണനാ കാർഡുകൾ സംസ്ഥാന താത്പര്യത്തിനുസരിച്ച് വിതരണം ചെയ്യാനാവില്ല. നിലവിൽ, മുൻഗണനാ പട്ടികയിൽ നിന്ന് ഒരു കുടുംബം പുറത്തായാൽ പുതിയ അപേക്ഷകർക്ക് സംസ്ഥാനം കാർഡ് നൽകുന്നുണ്ട്. സ്മാർട്ട് പി.ഡി.എസ് വരുന്നതോടെ അത് സാധിക്കില്ല. ആധാർ വിവരങ്ങൾ പരിശോധിച്ച് കേന്ദ്രം മുൻഗണനാ പട്ടികയിലുള്ള അനർഹരെ ഒഴിവാക്കും. ജൂലായ് അവസാനം 73,024 കുടുംബങ്ങൾക്കു കൂടി മുൻഗണനാ റേഷൻ കാർഡുകൾ സംസ്ഥാനം അനുവദിച്ചിരുന്നു. മുൻഗണനാ കാർഡുകൾക്കാണ് (മഞ്ഞ, പിങ്ക്) സൗജന്യറേഷന് അർഹത.
കള്ളത്തൂക്കം നടക്കില്ല
സ്മാർട്ട് പി.ഡി.എസ് വരുന്നതോടെ റേഷൻ അളവിൽ വെട്ടിപ്പ് നടക്കില്ല. ഇ- പോസും ത്രാസുമായി ബന്ധിപ്പിക്കുന്നതോടെയാണിത്. പദ്ധതിയുടെ ആകെ ചെലവ് 349.9 കോടിയാണ്. ഇതിൽ 60 ശതമാനം കേന്ദ്രം വഹിക്കും.
ആകെ റേഷൻ കാർഡുകൾ
95,94,988
എ.എ.വൈ കാർഡുകൾ (മഞ്ഞ)
5.95 ലക്ഷം
പി.എച്ച്.എച്ച് കാർഡുകൾ (പിങ്ക്)
35.79 ലക്ഷം
സ്മാർട്ട് പി.ഡി.എസ് സംബന്ധിച്ച് ചില ആശങ്കകൾ സംസ്ഥാനത്തിനുണ്ട്. കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തും.
- അനൂപ് ജേക്കബ്, ഭക്ഷ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |