
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു മാസത്തിനിടെ 2,500 ടൺ റേഷനരി കരിഞ്ചന്തയിലേക്ക് കടത്തിയെന്ന ഭക്ഷ്യവകുപ്പ് വിജിലൻസിന്റെ കണ്ടെത്തലിനെ തുടർന്ന്, അരിക്കടത്ത് തടയാൻ ഭക്ഷ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാനിന് രൂപം നൽകും. പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കാനാണ് ആലോചിക്കുന്നത്. നാളെ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പൊലീസിനെ ഉൾപ്പെടുത്തുന്നതിൽ സിവിൽ സപ്ലൈസിലെ ചില ഉദ്യോഗസ്ഥർക്ക് എതിർപ്പുണ്ടെന്നാണറിയുന്നത്. അന്വേഷണം കൈവിട്ടു പോകുമോ എന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. സർക്കാർ ഗോഡൗണിൽ നിന്ന് കടത്തുന്ന ടൺ കണക്കിന് അരി സ്വകാര്യഗോഡൗണുകളിൽ എത്തുന്നതിന് മുമ്പ് ചില ഇടനില കേന്ദ്രങ്ങളെത്തിക്കുന്നുണ്ടെന്ന് 2022 ആഗസ്റ്റിൽ പൊലീസ് കണ്ടെത്തിയിരുന്നു. വലിയതുറ ഗോഡൗണിലെ അരി കടത്ത് പൊലീസ് അന്വേഷിച്ചെങ്കിലും രേഖകൾ നൽകാൻ സിവിൽ സപ്ലൈസ് തയ്യാറായില്ല. തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്ന അരിക്കടത്ത് അന്വേഷിച്ച പൊലീസ്, ഇടനില കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നു. രാഷ്‌ട്രീയ നേതാക്കളുമായും സിവിൽസപ്ളൈസിലെ ഉദ്യോഗസ്ഥരുമായും ഇവർക്കുള്ള അടുപ്പവും കണ്ടെത്തി. ഓരോ കേസിലും ഡിപ്പോ ജീവനക്കാരനെ തത്കാലത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിനപ്പുറം പൊലീസ് അന്വേഷണത്തിന് ശുപാർശയുണ്ടാവാറില്ല.
പിടിവീഴും, കടത്ത് ഒറ്റുമ്പോൾ
അരിക്കടത്തിന് സംസ്ഥാനത്ത് സംഘങ്ങളേറെയുണ്ട്. തെക്കൻ കേരളത്തിൽ രണ്ട് സംഘങ്ങൾ ഉണ്ടെന്നാണ് സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം കണ്ടെത്തിയത്. ഇവരുടെ ചേരിപ്പോരിന്റെ ഭാഗമായി ഒരു സംഘം എതിർസംഘത്തിന്റെ വിവരങ്ങൾ പൊലീസിനും മറ്റും ചോർത്താറുണ്ടെന്ന് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |