
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ഹൈക്കോടതിയെ അറിയിച്ചു. പൊതുസ്വത്ത് തിരിമറി നടത്തിയതിന് ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഈ മാസം 25നകവും ദ്വാരപാലക ശില്പങ്ങളുടെ കാര്യത്തിൽ നവംബർ 25 നകവും പ്രോസിക്യൂഷൻ അനുമതിക്കായി സർക്കാരിന് അപേക്ഷ നൽകുമെന്നും അറിയിച്ചു.
ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചാണ് വിഷയം പരിഗണിച്ചത്. സമയക്രമം കൃത്യമായി പാലിക്കണമെന്ന് എസ്.ഐ.ടിയോട് കോടതി നിർദ്ദേശിച്ചു.
അന്വേഷണ പുരോഗതി വിശദീകരിക്കാൻ എസ്.പി. ശശിധരൻ ഹാജരായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ കരട് കുറ്റപത്രവും ഹാജരാക്കി.
നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി റിപ്പോർട്ട് വൈകിയതിനാലാണ് കട്ടിളപ്പാളി കേസിൽ കുറ്റപത്രം വൈകുന്നതെന്നും വിശദീകരിച്ചു.
ഈ മാസം 12ഓടെ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 292 സാക്ഷികളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതായി കരട് കുറ്റപത്രത്തിലുണ്ട്.
വിവിധ രേഖകളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്.
വിഷയം കോടതി 26ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |