SignIn
Kerala Kaumudi Online
Thursday, 11 June 2026 2.56 AM IST

അന്വേഷണത്തിൽ ഹൈക്കോടതിക്ക് അതൃപ്തി, ശബരിമല നെയ്യ് അഴിമതിയിൽ പുനഃപരിശോധനയ്‌ക്ക് ഉത്തരവ്

READ ENGLISH VERSION
1

കൊച്ചി: ശബരിമലയിലെ അഭിഷേക നെയ്യ് പ്രസാദം (ആടിയ ശിഷ്ടം നെയ്യ്) വിൽപ്പനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതിൽ വിജിലൻസ് പ്രത്യേക സംഘത്തിന്റെ അന്വേഷണം അപര്യാപ്തമെന്ന് ഹൈക്കോടതി. തുടർനടപടികൾ അവസാനിപ്പിക്കാൻ അനുമതി തേടിയതിൽ അതൃപ്തി പ്രകടിപ്പിച്ചു. മികവുള്ള മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് കേസ് പുനഃപരിശോധിക്കാനും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. അഴിമതി നിരോധന നിയമം, ബി.എൻ.എസ് വകുപ്പുകൾ ബാധകമാക്കുന്നതിന്റെ സാദ്ധ്യതയും പരിശോധിച്ച് നാലാഴ്ചയ്‌ക്കകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം. കേസ് ജൂലായ് 15ന് പരിഗണിക്കും.

വിൽപ്പന ക്രമക്കേടിലൂടെ കഴിഞ്ഞ മണ്ഡല - മകരവിളക്ക് സീസണിൽ മാത്രം തിരുവിതാംകൂർ ദേവസ്വംബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. കോടതി നിർദ്ദേശപ്രകാരം വിജിലൻസ് നടത്തിയ അന്വേഷണം ഇത് ശരിവയ്‌ക്കുകയും ക്ഷേത്രം ജീവനക്കാരായ 43 പേരെ പ്രതിചേർക്കുകയും ചെയ്തു. എന്നാൽ, ഭരണപരമായ വീഴ്ചകളും റെക്കാഡുകൾ സൂക്ഷിക്കുന്നതിലെ പിഴവുകളുമാണ് ഇതിലേക്ക് നയിച്ചതെന്നു വിലയിരുത്തിയാണ് പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. രജിസ്റ്ററുകൾ കൃത്യമല്ലാത്തതിനാൽ ക്രമക്കേടുകൾ തിട്ടപ്പെടുത്തുക ദുഷ്കരമാണെന്നും വിശദീകരിച്ചു. മൂന്നാം പ്രതി എ.ടി. അനീഷ്, 14-ാംപ്രതി കെ.ആർ. സുനിൽകുമാർ എന്നിവരുടെ പങ്കു മാത്രമാണ് റിപ്പോർട്ടിൽ എടുത്തുപറയുന്നത്. ഇവർക്കെതിരെ വകുപ്പുതല നടപടിയും തുക തിരിച്ചുപിടിക്കലും ശുപാർശ ചെയ്ത് തുടർനടപടികൾ അവസാനിപ്പിക്കാനാണ് അനുമതി തേടിയത്.

വിതരണ കൗണ്ടറുകളിൽ ക്രമക്കേട് സംശയിച്ച് സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് സ്വമേധയാ എടുത്ത ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

ഗൗരവമുള്ള അന്വേഷണം നടന്നില്ല

ഭരണതല വീഴ്ച കണ്ടെത്തുക മാത്രമല്ല വിജിലൻസ് അന്വേഷണ ലക്ഷ്യമെന്ന് ദേവസ്വംബെഞ്ച് വ്യക്തമാക്കി. പണം തട്ടിയെടുത്ത രീതി, ഓരോരുത്തർക്കുമുള്ള പങ്ക് എല്ലാം വ്യക്തമാക്കണം. ടെമ്പിൾ ഓഫീസർമാരും എക്സി. ഓഫീസറും കൗണ്ടർ ജീവനക്കാരും ശാന്തിക്കാരുമാണ് പ്രതിസ്ഥാനത്തുള്ളത്. മുമ്പു നടന്ന ക്രമക്കേടുകളും കണ്ടെത്തേണ്ടതാണ്. ഗൗരവമുള്ള അന്വേഷണം നടന്നില്ല. മേൽനോട്ടം വഹിച്ച എസ്.പി. വിരമിച്ചതായും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് അന്വേഷണ മികവുള്ള മുതിർന്ന ഉദ്യോഗസ്ഥൻ വിഷയം പുനഃപരിശോധിക്കണമെന്ന് നിർദ്ദശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA