
തിരുവനന്തപുരം: സർവകലാശാലാ ധനകാര്യ കമ്മിഷനിലെ ചെയർമാനും അംഗങ്ങൾക്കും പ്രതിദിനം 5000 രൂപ വീതം സർവകലാശാലകൾ നൽകണമെന്ന് സർക്കാർ ഉത്തരവ്. സർവകലാശാലകൾക്ക് സർക്കാർ നൽകുന്ന ഗ്രാന്റിൽ നിന്നോ സ്വന്തം ഫണ്ടിൽ നിന്നോ ഓണറേറിയം നൽകണം. കമ്മിഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സർവകലാശാലകൾ നൽകണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കമ്മിഷന്റെ പ്രവർത്തനത്തിന് വാഹനങ്ങൾ വാടകയ്ക്കെടുത്ത് നൽകണം.
സംസ്ഥാന ധനകാര്യ കമ്മിഷൻ മുൻ അധ്യക്ഷൻ ബി. എ .പ്രകാശ് ചെയർമാനും കാലിക്കറ്റ് സർവകലാശാലാ സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ മേധാവി കെ. പി .മാണി, മുൻ സ്പെഷ്യൽ സെക്രട്ടറി ബേബി കുര്യൻ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സമീർ കിഷൻ എന്നിവർ അംഗങ്ങളുമായുള്ള സർവ്വകലാശാലാ ധനകാര്യ കമ്മീഷനാണ് സർക്കാർ ഈയിടെ രൂപീകരിച്ചത്.
കമ്മിഷന്റെ പ്രവർത്തനച്ചെലവ് സർവകലാശാലകൾ വഹിക്കണമെന്ന സർക്കാർ ഉത്തരവ് സർവകലാശാലകളുടെ സ്വയം ഭരണാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ പറഞ്ഞു. സർക്കാർ സർവ്വകലാശാലകൾക്ക് നൽകുന്ന ഗ്രാന്റുകളിൽ കാര്യമായ കുറവുണ്ട്. ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്ന വിഹിതത്തിന്റെ നാലിലൊന്നാണ് ലഭിക്കാറുള്ളത്. കമ്മിഷന്റെ പ്രവർത്തനച്ചെലവും അലവൻസും അനുബന്ധ ചെലവുകളും നൽകേണ്ടത് സർവകലാശാലകൾക്ക് ബാദ്ധ്യതയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |